ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളെ സ്വയപര്യാപ്തതയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇ- വേസ്റ്റിൽ നിന്ന് ആഭരണങ്ങൾ, കീ ചെയിനുകൾ മുതലായ കര കൗശല വസ്തുക്കൾ നിർമിക്കുന്നതിനുള്ള പരിശീലനമാണ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെങ്ങിണിശ്ശേരി സാന്ത്വനം ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.
പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനം ജില്ലാതല ബഡ്‌സ് പ്രവേശനോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു.
പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയതിന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിനുള്ള സാക്ഷ്യ പത്രം മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര സി എം ഐ ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ഔട്ട് റീച് ഡയറക്ടർ ഡോ. സുധ ബാലഗോപാലന്റെ നേതൃത്വത്തിൽ അധ്യാപകരായ ഡോ. വിഷ്ണു പി മദൻമോഹൻ, പി എം സ്വാതി, ഫെബിൻ രാജു തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.