യുദ്ധത്തിൽ ചൈനക്കാരെ അടിച്ചു നിരപ്പാക്കിയ ശേഷം നാട്ടിലേക്ക് ലീവിൽ വന്ന പട്ടാളക്കാർക്ക് സ്കൂളിൽ വെച്ച് സ്വീകരണം നൽകിയിരുന്നു. ഭടന്മാരെല്ലാം ഫുൾ യൂണിഫോമിലാണ് വന്നത്. ഒരു കക്ഷിയുടെ കയ്യിൽ തോക്കുമുണ്ടായിരുന്നു. ഒരാൾ ഹിന്ദിയിലാണ് മറുപടിപ്രസംഗം നടത്തിയത്. നൂറു ചൈനക്കാരെ കൊന്നതായി അദ്ദേഹം അവകാശപ്പെട്ടു. ഞങ്ങൾ ആവേശക്കടലിൽ ആറാടി.
എന്നാൽ യുദ്ധം ബാക്കിവെച്ച ക്ഷാമവും ദാരിദ്ര്യവും ഞങ്ങൾ ശരിക്കും അനുഭവിച്ചു. രണ്ടാം ലോകയുദ്ധം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് മനുഷ്യരാശി ഒരുവിധം കയറി വരുന്നേ ഉണ്ടായിരുന്നുള്ളു. കൂനിന്മേൽ കുരുവായി ഇന്ത്യാ ചൈനാ യുദ്ധം. റേഷൻപീടികയിൽ ഗോതമ്പു വരുന്നത് കാത്തുനിന്നതിൻ്റെ ഓർമ്മകൾ ഉണ്ട്. ഒട്ടും പോഷകഗുണമില്ലാത്ത ഭക്ഷണങ്ങൾ കഴിച്ചാണ് എൻ്റെ തലമുറ വളർന്നത്. അന്നത്തെ യുദ്ധാവേശത്തിൻ്റെ മിഥ്യയെ തിരിച്ചറിഞ്ഞ് ഞാൻ പിന്നീട് ലജ്ജിച്ചിട്ടുണ്ട്.
യശ്പാലിൻ്റെ “നിറം പിടിപ്പിച്ച നുണകൾ” വായിച്ച് ദേശീയസമരത്തിൻ്റെ പ്രധാന രംഗവേദിയായി ലാഹോറിനെ തിരിച്ചറിഞ്ഞവർക്ക് അവിടത്തെ മനുഷ്യർ കൊല്ലപ്പെടുമ്പോൾ ദുഃഖമല്ലാതെ ആവേശം തെല്ലും ഉണ്ടാകാനിടയില്ല. യുദ്ധം വരുമ്പോൾ ചില മാധ്യമങ്ങൾ കാണിച്ചുകൂട്ടുന്ന തോന്നിവാസം ലജ്ജാകരമാണ്. മനുഷ്യരിൽ യുദ്ധപ്പനി ഉണ്ടാക്കുന്ന പ്രവർത്തനം രാജ്യസ്നേഹമാണെന്ന് കരുതാനാവില്ല. രാഷ്ട്രീയപാർടികൾ തമ്മിൽ സംഘട്ടനം നടത്തി മനുഷ്യർ കൊല്ലപ്പെടുന്നതു പോലെത്തന്നെ, ഒരുപക്ഷേ അതിലേറെ ലജ്ജാകരമാണ് യുദ്ധത്തിൽ ആളുകൾ മുറിവേറ്റ് മരിക്കുന്നത്. കാരണം രാഷ്ട്രീയപാർട്ടികളേക്കാൾ ഉത്തരവാദിത്തം പുലർത്തേണ്ടവരാണല്ലോ ഭരണാധികാരികൾ. ഒരു വരക്കപ്പുറം ശത്രു; ഇപ്പുറം മിത്രം എന്ന് മനുഷ്യവംശത്തെ വേർതിരിക്കുന്നതിൽപ്പരം ക്രൂരത ഇല്ല. രാഷ്ട്രീയസംഘട്ടനത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ “മകനെന്നല്ലോ നിൻ്റെ പേര്” എന്ന് വിലാപകവിതയെഴുതുന്നവർ യുദ്ധങ്ങളിൽ ആളുകൾ തമ്മിൽ കൊല്ലുമ്പോൾ വാഴ്ത്തുപാട്ട് പാടുന്നത് കണ്ടിട്ടുണ്ട്.
പ്രധാനപ്പെട്ട സംഗതി യുദ്ധത്തിൽ ആരും വിജയിക്കുന്നില്ല എന്നതാണ്. രണ്ടാം ലോകയുദ്ധത്തിൻ ജയിച്ച രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിൻ്റെ അഗാധമായ പതനമാണ് ആ “വിജയ”ത്തിലൂടെ ഉണ്ടായത്. മതങ്ങൾ തമ്മിലുള്ള സംഘർഷത്തിൻ്റെ അപകടത്തെക്കുറിച്ച് നാരായണഗുരു പറഞ്ഞത് ഇവിടെയും പ്രസക്തമാണ്. മതപ്പോരിൽ ആരും ജയിക്കുന്നില്ല. തുടങ്ങിയാൽപ്പിന്നെ അതിന് ഒരവസാനം ഇല്ല.
യുദ്ധങ്ങളിൽ ആകെ ജയിക്കുന്നത് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ മാത്രമാണ്. അവരുണ്ടാക്കുന്ന ദുരിതങ്ങൾ യുദ്ധപ്പനിയിൽ പെട്ട് ജനങ്ങൾ മറക്കും. അങ്ങനെ പിന്നീടുള്ള തെരഞ്ഞെടുപ്പിനെ നിഷ്പ്രയാസം അതിജീവിക്കാൻ അവർക്കു കഴിയുന്നു.
ബഷീർ പറഞ്ഞതാണ് പ്രതിവിധി: രാഷ്ട്രത്തലവൻമാർക്ക് വരട്ടുചൊറി വരാൻ ദൈവം തമ്പുരാൻ ഇടപെടട്ടെ.
NB: ഒരു രഹസ്യം കൂടി പറയാം. മുതിർന്ന ശേഷമാണ് കാര്യങ്ങൾ മനസ്സിലാക്കിയത്. ഞങ്ങൾ ആവേശം കൊണ്ട അന്നത്തെ ഇന്ത്യാ ചൈനാ യുദ്ധത്തിൽ നമ്മുടെ രാജ്യത്തിന് അതിൻ്റെ ഏറെ പ്രദേശങ്ങൾ നഷ്ടപ്പെടുകയാണ് ഉണ്ടായത്.
അശോകൻ ചരുവിൽ
11 05 2025