ഡോ. എം.എസ് സ്വാമിനാഥന്‍; വിശപ്പ് രഹിത ഇന്ത്യ സ്വപ്‌നം കണ്ട മഹാന്‍- വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് വളപ്പില

16

ഇന്ത്യയിലെ പട്ടിണി മാറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ച് ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില. ‘ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭയും ഭാരതത്തിനും ലോകത്തിനും മലയാളമണ്ണ് സമ്മാനിച്ച ശ്രേഷ്ഠനായ കൃഷി ശാസ്ത്രജ്ഞനായിരുന്നു എം.എസ്.സ്വാമിനാഥന്‍. യുദ്ധം മൂലം ക്ഷാമമുണ്ടാകുന്നു എന്നതിനേക്കാള്‍ ക്ഷാമം മൂലം യുദ്ധമുണ്ടാകുന്നു എന്ന് വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് തന്നെ തിരിച്ചറിഞ്ഞ സ്വാമിനാഥന്‍ രാജ്യത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കാനാവണമെന്നത് തന്റെ നിയോഗമായി ഏറ്റെടുത്തുവെന്നും, മനുഷ്യര്‍ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ജീവിതം അര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു; ‘ ജെയിംസ് വളപ്പില പറഞ്ഞു. സ്വാമിനാഥന്‍ എന്ന ഈ വിദ്യാര്‍ത്ഥിയിലുണ്ടായ സാമൂഹ്യ പ്രതിബദ്ധത വളര്‍ന്നുവരുന്ന തലമുറയിലെ ഓരോ വിദ്യാര്‍ത്ഥികളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടന്ന ലയണ്‍ കെ.പി. ജോണ്‍ വിദ്യ ശ്രേഷ്ഠ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാനിധി പദ്ധതിയ്ക്ക് കീഴില്‍ നടപ്പിലാക്കുന്ന ഈ വര്‍ഷത്തെ ലയണ്‍ കെ.പി.ജോണ്‍ വിദ്യാശ്രേഷ്ഠ പുരസ്‌കാരം സ്‌നേഹ, മെല്‍വിന്‍ ഡെന്നി എന്നീ വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ജോൺ നിധിന്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ജോളി ആന്‍ഡ്രൂസ് മുഖ്യാതിഥിയായിരുന്നു. വിദ്യാനിധി കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ കെ. ഫ്രാന്‍സിസ്, കോളേജ് മാനേജര്‍ ഫാ. ജോയ് പീണികപറമ്പില്‍, മുൻ ഡിസ്ട്രിക്റ്റ് ഗവർണർ തോമസ് ടി.ജെ., ക്ലബ്ബ് സെക്രട്ടറി അഡ്വ. ബിജോയ് പോള്‍,ക്ലബ്ബ് ട്രഷറര്‍ അഡ്വ. മനോജ് ഐബെന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisement