ഇരിങ്ങാലക്കുട – ബാംഗ്ലൂർ അന്തർ സംസ്ഥാന ബസ് സർവീസിന് തുടക്കമായി

61

ഇരിങ്ങാലക്കുട: ബാംഗ്ലൂരിലേക്കുള്ള കെഎസ്ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തു.

നെടുമ്പാശ്ശേരി എയർപോർട്ട്, തൃശ്ശൂർ മെഡിക്കൽ കോളേജ്, മൂന്നാർ, മതിലകം, വെള്ളാനക്കോട് എന്നിവിടങ്ങളിലേക്ക് പുതിയ ബസ് സർവീസുകൾ നൽകുന്ന കാര്യം ഗതാഗത വകുപ്പ് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനപ്രിയ സർവീസുകളായി ടൂറിസ്റ്റ് സ്പോട്ടിലേക്കുള്ള യാത്രകൾ മാറണമെന്നും മന്ത്രി പറഞ്ഞു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഗ്രാമവണ്ടി പുതിയ പദ്ധതിയായി ആവിഷ്കരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കെഎസ്ആർടിസി പൊതുജനങ്ങളുടെ സമ്പത്താണെന്നും അതിനെ സംരക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സോണിയ ഗിരി വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യ നൈസൺ, ജോസ് ജി ചിറ്റിലപ്പിള്ളി, അമ്പിളി ജയൻ തുടങ്ങിയവർ പങ്കെടുത്തു.ദിവസവും വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂർ വഴി പുലർച്ചെ 6.15ന് ബാംഗ്ലൂരിൽ എത്തും. തിരികെ ബാംഗ്ലൂരിൽ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്ന ബസ് മൈസൂർ, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും.

Advertisement