ഐ ട്രിപ്പിൾ ഇ സംസ്ഥാനതല ഡ്രോൺ- റോബോട്ടിക്സ് ശില്പശാലയ്ക്ക് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ തുടക്കം

38

ഇരിങ്ങാലക്കുട: എൻജിനീയറിങ് പ്രൊഫഷണലുകളുടെ ആഗോള കൂട്ടായ്മയായ ഐ ട്രിപ്പിൾ ഇ-യുടെ കൊച്ചി സബ് സെക്ഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന വർക് ഷോപ്പിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ തുടക്കമായി. ഡ്രോൺ ടെക്നോളജി, റോബോട്ടിക്സ് എന്നിവയിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകാൻ ലക്ഷ്യമിട്ട് നടത്തുന്ന ശില്പശാലയിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ഐ ട്രിപ്പിൾ ഇ കൊച്ചി സബ് സെക്ഷൻ ചെയർമാൻ ഡോ. എം വി രാജേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് സെൻ്റർ ഫോർ ഇന്നവേഷൻ ആൻഡ് ഓപ്പൺ ലേണിംഗ് ഡയറക്ടർ സുനിൽ പോൾ, സർഫ് ഇലക്ട്രിക് ആൻഡ് മൊബിലിറ്റി സി ഇ ഒ കെ എസ് സായന്ത് എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. ഐ ട്രിപ്പിൾ ഇ സ്റ്റുഡൻ്റ് ആക്ടിവിറ്റി കോ ഓർഡിനേറ്റർ ഡോ. യുവരാജ് വേലുസാമി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളജ് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അനുഗ്രഹ പ്രഭാഷണം നടത്തി. ജോയിൻ്റ് ഡയറക്ടർ ഫാ. ആൻ്റണി ഡേവിസ്, ഭാരവാഹികളായ എസ് ഓസ്റ്റിൻ, ഫ്രാങ്കോ ഡി ആലപ്പാട്ട്, അഫ്സി ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement