രാത്രി സമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന പ്രതി പിടിയിൽ

136

മാള : അൻപത്തിമൂന്നുകാരിയെ ആക്രമിച്ച കേസിൽ പ്രതി മാള പള്ളിപുറം സ്വദേശി തേമാലിപറമ്പിൽ വീട്ടിൽ സാത്താൻ അനീഷ് എന്നറിയപെടുന്ന അനീഷ് കരീം (38) എന്നയാളെ മാള SHO സജിൻ ശശി ഇക്കഴിഞ്ഞ രാത്രി എറണാകുളം പള്ളുരുത്തിയിൽ നിന്നും പിടികൂടി അറസ്റ്റു ചെയ്തു.ജൂലൈ മാസം 27 ന് രാത്രി പത്തു മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം.സംഭവ ദിവസം രാത്രി ഒമ്പതു മണിയോടെ പുത്തൻചിറയിലെ പ്രായമായ സ്ത്രീ ഒറ്റക്കു താമസിക്കുന്ന വീട്ടിലേക്ക് മഴക്കോട്ടു ധരിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ജനലിൽ തട്ടി വാതിൽ തുറക്കാൻ ആവശ്യപെടുകയും, തുറക്കാതിരുന്നപ്പോൾ മുൻ വശം വാതിൽ ചവിട്ടി തുറക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന സ്ത്രീ ബഹളം വച്ചപ്പോൾ അയൽവാസികൾ വന്ന സമയം അവിടെ നിന്നും ഇരുചക്ര വാഹനത്തിൽ പ്രതി രക്ഷപെട്ടിരുന്നു. തുടർന്ന് 2 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു വീട്ടിൽ സ്ത്രീ പുറകു വശം അടുക്കള ഷെഡിൽ നിൽക്കുന്നതു കണ്ട് പ്രതി സാത്താൻ അനീഷ് ആക്രമണം നടത്തുകയുമാണ് ഉണ്ടായത്.വീടിനു പുറകിൽ അടുക്കള ഷെഡിൽ വച്ച് സ്ത്രീയെ പിടികൂടി വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി .ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ച സ്ത്രീയെ പ്രതിയുടെ കൈയ്യിലുണ്ടായിരുന്ന ചെറിയ കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. പിടിവലിക്കിടയിൽ പ്രതിയുടെ ഇടതു വിരലിനും മുറിവ് പറ്റിയിരുന്നു.പ്രതിയുടെ കൈയ്യിൽ നിന്നുo കുതറി ഓടിയ സ്ത്രീ സമീപത്തെ കുറ്റികാട്ടിൽ ഒളിച്ചിരുന്നു. പ്രതി അവിടെ നിന്ന് പോയെന്ന് ഉറപ്പായ ശേഷം സ്ത്രീ പോലീസിൽ വിവരം അറിയിച്ചു.ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ സ്ത്രീയെ കുണ്ടായിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട DySP ബാബു കെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്നു തന്നെ രൂപീകരിച്ചിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം ക്യാമറകളും പോലീസ് പരിശോധന നടത്തി.ഫോറൻസിക്ക് വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.മാളപള്ളിപ്പുറത്തെ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രികാലങ്ങളിൽ ഒളിഞ്ഞു നോക്കിയും മറ്റ് പല രീതിയിലും സ്ഥിര ശല്യക്കാരനാണ് സാത്താൻ അനീഷെന്ന് നാട്ടുകാർ പറഞ്ഞു.മാളയിൽ കേസുകളിൽ പരാതി വരുമ്പോൾ പള്ളുരുത്തിയിലെ ഭാര്യ വീട്ടിലേക്ക് രക്ഷപെടുന്നതാണ് ഇയ്യാളുടെ രീതി.പ്രതി മുൻപ് ജോലി ചെയ്തിരുന്ന തേവരയിലെ സ്വകാര്യ കമ്പനിയിലെ രണ്ടു ലക്ഷം രൂപ തിരിമറി നടത്തിയതായും ഇയ്യാളെ കുറിച്ച് ഉടമസ്ഥന് പരാതി ഉണ്ടായിരുന്നതായി പറയപ്പെടുന്നു.അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ എളവൂർ എന്ന സ്ഥലത്ത് വൃദ്ധയായ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് 2 പവൻ സ്വർണ്ണ മാല പൊട്ടിച്ച കേസിൽ ഇയ്യാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പ്രത്യേക അന്വേഷണ സംഘത്തിൽ എ എസ്സ് ഐ മാരായ മുഹമ്മദ് ബാഷി , സുധാകരൻ കെ. ആർ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, സീനിയർ സി. പി ഒ മാരായ ജിബിൻ കെ ജോസഫ് , മാർട്ടിൻ എ. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisement