ഇരിങ്ങാലക്കുട : വഴിയിൽ ബസ് കാത്തു നിൽക്കുന്നവർക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകി അവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന വിരുതൻ അറസ്റ്റിൽ . എടതിരിഞ്ഞി എടച്ചാലിൽ വീട്ടിൽ സാഹിലിനെയാണ് (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളി,ശനി ദിവസങ്ങളിലാണ് സ്കൂട്ടറിൽ ലിഫ്റ്റ് കിട്ടിയ രണ്ടു ചെറുപ്പക്കാരുടെ സ്മാർട്ട് ഫോണുകൾ സ്കൂട്ടർ യാത്രക്കാരൻ കവർന്നതായ പരാതി പോലിസിന് ലഭിക്കുന്നത്. പരാതിക്കാർ നൽകിയ പ്രാഥമിക വിവരങ്ങളുമായി പോലീസ് തുടർന്നുള്ള ദിവസങ്ങളിൽ നഗരത്തിലെ സകല റോഡുകളിലും പല സംഘങ്ങളായി കറങ്ങി. പല സ്ഥലങ്ങളിലും കാത്തു നിന്നു. സി.സി.ടി സി. ക്യാമറകളിൽ നിന്ന് പ്രതിയുടെ സഞ്ചാരവഴികൾ ഏറെക്കുറെ മനസ്സിലാക്കി. ബുധനാഴ്ച യാത്രക്കാരെ പോലെ പോലീസ് മഫ്തിയിൽ വഴിയരികിൽ ലിഫ്റ്റ് കിട്ടുവാനായി കാത്തു നിന്നു .. അടുത്ത ഇരയെ പ്രതീക്ഷിച്ചു സ്കൂട്ടർ നിറുത്തിയ മോഷ്ടാവിനെ റോഡിനിരുവശവും നിന്ന പോലീസ് സംഘം പിടിയിലൊതുക്കി. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. മോഷ്ടിച്ച ഫോണുകൾ മറ്റു കടകളിൽ വിൽക്കുകയായിരുന്നു പതിവ്. മാസ അടവിന് വാങ്ങിയ വണ്ടിയുടെ തിരിച്ചടവിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. രണ്ടു പരാതികളാണ് പോലിസിന് ലഭിച്ചത്. ഇരിങ്ങാലക്കുട കാട്ടൂർ റോഡിലും, കെ.എസ്.ആർ.ടി.സി റോഡിലും നിന്ന് ലിഫ്റ്റ് കിട്ടാനായി സ്കൂട്ടറിന് കൈ കാണിച്ച രണ്ടു പേരെ കയറ്റിക്കൊണ്ടുപോയി ഇടയ്ക്ക് ആളൊഴിഞ്ഞ സ്ഥലത്ത് എത്തുമ്പോൾ ചേട്ടാ ഫോൺ എടുക്കാൻ മറന്നു ഒരു കോൾ ചെയ്തോട്ടേ എന്നു പറഞ്ഞു മൊബൈൽ ഫോൺ ചോദിച്ച് സ്കൂട്ടർ വഴിയരികൽ ഒതുക്കി നിറുത്തും. ഇതു കണ്ട് യാത്രക്കാരൻ പുറകിൽ നിന്ന് ഇറങ്ങുന്ന തക്കം നോക്കി മൊബൈൽ ഫോൺ തട്ടി പറിച്ച് സ്കൂട്ടറിൽ പായും. പരാതിക്കാർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ബോധ്യം വരും മുൻപ് പ്രതി കാണാമറയത്ത് എത്തിയിട്ടുണ്ടാകും. ഇതേ രീതിയിൽ തുടരെ രണ്ടു ദിവസങ്ങളിലാണ് രണ്ടു യുവാക്കളുടെ മൊബൈൽ ഫോൺ മോഷണം നടന്നത്. കാട്ടൂർ സ്റ്റേഷനിൽ രണ്ടു ക്രൈം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സാഹിൽ. ഇയാളെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട എസ്.ഐ. എം.എസ്.ഷാജൻ, എ.എസ്.ഐ. മുഹമ്മദ് അഷറഫ്, ജസ്റ്റിൻ,സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ , എം.ബി. സബീഷ് , സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ശബരി കൃഷ്ണൻ , പി.എം ഷെമീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Latest posts
© Irinjalakuda.com | All rights reserved