സഹകരണ മേഖലയോടുള്ള ചിറ്റമ്മനയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: സഹകരണ ക്ഷേമ സംരക്ഷണ സമിതി

11

ഇരിങ്ങാലക്കുട: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ വേണ്ടി കേന്ദ്രസർക്കാരും അനുബന്ധസ്ഥാപനങ്ങളും നടത്തുന്ന സഹകരണ വിരുദ്ധ നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് സഹകരണ ക്ഷേമ സംരക്ഷണ സമിതി മുകുന്ദപുരം, ചാലക്കുടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട എസ്എൻ ക്ലബ്ബ് ഹാളിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് സഹകാരികളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം സഹകരണ വിരുദ്ധ നിലപാടുകൾക്കെതിരെ യുള്ള സമരകാഹളമായി മാറി. കൺവെൻഷൻ സഹകരണ ക്ഷേമ സംരക്ഷണ സമിതി ജില്ലാ ജനറൽ കൺവീനർ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. ആന്റോ പെരുമ്പിള്ളി, ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ യു ഉണ്ണികൃഷ്ണൻ, സിന്റോ മാത്യു, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ജോസ് ജെ ചിറ്റിലപ്പിള്ളി ചെയർമാനും, ജോമോൻ വലിയവീട്ടിൽ കൺവീനറും, പി കെ കൃഷ്ണൻകുട്ടി ഖജാൻജിയുമായി 251 അംഗ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. ജോമോൻ വലിയവീട്ടിൽ സ്വാഗതവും പി കെ കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു. പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ 21ന് തൃശ്ശൂരിൽ നടത്തുന്ന എ ജി എസ് ഓഫീസ് മാർച്ച് വൻ വിജയം ആക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു.

Advertisement