ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റി ഓഫീസിന്റെ മുന്നിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു. ഇരിങ്ങാലക്കുട ചന്തക്കുന്ന്- മൂന്നുപീടിക റോഡിലെ ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോററ്റി ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിന്റെ മുന്‍വശത്താണ് രണ്ടുനിലകളിലായുള്ള ക്വാര്‍ട്ടേഴ്‌സ് സ്ഥിതിചെയ്യുന്നത്. 15 വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിന്റെ ചുറ്റിലും ടെറസിന് മുകളിലുമെല്ലാം പുല്ലുകയറിയ നിലയിലാണ്. മുകളില്‍ ഇട്ടിരുന്ന ഷീറ്റുകളും കേടുവന്ന് നശിച്ചുപോയി. നിലവില്‍ വാട്ടര്‍ അതോററ്റി സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അത് ഉപയോഗിക്കുന്നത്. 1500 സ്‌ക്വയര്‍ ഫീറ്റിലേറെ വലുപ്പമുള്ള ഈ കെട്ടിടം അറ്റകുറ്റപണി നടത്തി വാട്ടര്‍ അതോററ്റിയുടെ സെക്ഷന്‍ ഓഫീസ് ആക്കി മാറ്റണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. നേരത്തെ ഇതിനായി കെട്ടിടം അറ്റകുറ്റപണി നടത്തി നവീകരിച്ച് ഉപയോഗിക്കുന്നതിനായി 15 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരേയും അതില്‍ നടപടി ഉണ്ടായിട്ടില്ല.നിലവില്‍ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്ന കുന്നിന് മുകളില്‍ ഡിവിഷന്‍ ഓഫീസും പിറകില്‍ കുന്നിന് താഴെ സെക്ഷന്‍ ഓഫീസ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് മുറികളുള്ള ചെറിയ കെട്ടിടത്തിലാണ് സെക്ഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതി മൂലം വളരെയേറെ ബുദ്ധിമുട്ടുന്ന ഈ ഓഫീസില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി അടക്കം 15 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.ക്വാര്‍ട്ടേഴ്‌സ് സെക്ഷന്‍ ഓഫീസ് ആക്കി മാറ്റുകയാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ജനങ്ങള്‍ക്കാണ്. ഡിവിഷന്‍ ഓഫീസിന് തൊട്ടടുത്തായി ഇത് മാറുന്നതോടെ ജനങ്ങള്‍ക്ക് കുന്നുകയറി ഇറങ്ങേണ്ട ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാം. ഇപ്പോള്‍ ഒരു കണ്‍സ്യൂമര്‍ പുതിയ കണക്ഷന് അപേക്ഷ നല്‍കിയാല്‍ ഡിവിഷന്‍ ഓഫീസില്‍ റജിസ്റ്റര്‍ ചെയ്ത് കുന്നിറങ്ങി ചെന്ന് സെക്ഷന്‍ ഓഫീസില്‍ നിന്നും അപ്രൂവ് വാങ്ങണം. വീണ്ടും തിരിച്ച് കുന്നുകയറി ഡിവിഷന്‍ ഓഫീസില്‍ എത്തി പണമടച്ച് വേണം കാര്യങ്ങള്‍ നടത്താന്‍. ഒരാവശ്യത്തിന് ജനം മൂന്നുതവണ കുന്നുകയറി ഇറങ്ങേണ്ട സ്ഥിതി. ബി.പി.എല്‍. പുതുക്കുന്ന സമയത്താണെങ്കില്‍ വ്യദ്ധജനങ്ങളടക്കം നിരവധി പേരാണ് ഇങ്ങനെ കുന്നുകയറി ഇറങ്ങേണ്ടിവരുന്നത്. ഇത് ഒഴിവാക്കാനാകുമെന്നും ബസ്സിറങ്ങിയാല്‍ അധികം നടക്കാതെ കൂടുതല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്താന്‍ കഴിയും. അതിനാല്‍ അടിയന്തിരമായി സര്‍ക്കാര്‍ നശിച്ചുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പുതുക്കി സെക്ഷനോഫീസാക്കി ഉയര്‍ത്താന്‍ നടപടിയെടുക്കണമെന്നാണ് ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും ആവശ്യം.
ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി ഓഫീസിന്റെ മുന്നിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു
Advertisement