കാറളം: തോടുകളില്‍ കുളവാഴയും ചണ്ടിയും ചളിയും കുമിഞ്ഞുകൂടി നീരൊഴുക്ക് നഷ്ടപ്പെട്ടതോടെ നെല്ല് കൊയ്‌തെടുക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. നീരൊഴുക്ക് നഷ്ടപ്പെട്ടതോടെ വിളഞ്ഞ നെല്‍പാടങ്ങളില്‍ നിന്നും വെള്ളം വാര്‍ന്നുപോകാത്തതാണ് കൊയ്‌തെടുക്കാന്‍ കര്‍ഷകര്‍ക്ക് തടസമായിരിക്കുന്നത്. കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷി സംഘം മനവലശ്ശേരി മേഖല കാറളം പഞ്ചായത്തിലെ നെല്‍കൃഷിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 200ഓളം ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ പ്രധാനപ്പെട്ട പെരുംതോടും അനുബന്ധമായ മൂന്ന് പെരുതോടുകളിലും ചണ്ടിയും കുളവാഴയും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. പാടത്തുനിന്നും വെള്ളം വാര്‍ന്നുപോയെങ്കില്‍ മാത്രമെ നെല്ല് കൊയ്‌തെടുക്കാന്‍ സാധിക്കുകയൊള്ളൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. കാലങ്ങളായി തോടുകളില്‍ ഇവ നിറഞ്ഞുകിടക്കുന്നതാണ് നീരൊഴുക്കിന് തടസമായി നില്‍ക്കുന്നത്. തോടുകള്‍ വ്യത്തിയാക്കി നീരൊഴുക്ക് പുനസ്ഥാപിച്ചെങ്കില്‍ മാത്രമെ പാടശേഖരങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിപോകുകയൊള്ളൂവെന്നും കര്‍ഷകര്‍ പറഞ്ഞു. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകളിലൊന്നാണ് കാറളം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് ചണ്ടിയും കുളവാഴയും നീക്കം ചെയ്യാന്‍ ആവശ്യമായ തുക അനുവദിച്ചുനല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം താണിശ്ശേരി തെക്കുംപാടം തോടിന്റെ വാടച്ചിറ മുതല്‍ കടുവാകുഴി വരെയുള്ള ഭാഗത്ത് തോടില്‍ ചണ്ടിയും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നഷ്ടപ്പെട്ടതിനാല്‍ നെല്‍കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. അതിനാല്‍ അടിയന്തിരമായി തോട് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. തോടിന്റെ ഇരുവശത്തെയും ബണ്ട് മണ്ണിട്ട് നിരത്തി ബലപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ വിഷയം ആരും ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും കര്‍ഷകര്‍ പരാതി നല്‍കുകയാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കുമെന്നും ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി.
നെല്ല് കൊയ്‌തെടുക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയിൽ
Advertisement