ഇരിങ്ങാലക്കുട :സി.എസ്.എ യും (AICUF) ക്രൈസ്റ്റ് കോളേജ് സൈക്കിൾ ക്ലബ്ബും സംയുക്തമായി കരുണയുടെയും കരുതലിന്റെയും ക്രിസ്തുമസ് ആഘോഷിച്ചു .25 ലേറെ സൈക്കിളുകളിലാണ് അംഗങ്ങൾ മൂന്ന് കേന്ദ്രങ്ങളിലേക്കായി യാത്ര ചെയ്തത് .ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവരാണ് ഈ വ്യത്യസ്തമായ പര്യടനത്തിൽ പങ്കെടുത്തത് .വിഭിന്നശേഷിയുള്ള കുട്ടികളുടെ പ്രതീക്ഷ ഭവൻ ,സ്ത്രീകളുടെ മാനസിക പരിചരണ കേന്ദ്രമായ സ്വാന്തന സദനം ,കൊറോണക്കാലത്ത് നാടിനെ കൈവെള്ളയിൽ കാത്ത ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എന്നിങ്ങനെ മൂന്നിടങ്ങളാണ് സംഘം സന്ദർശിച്ചത് .അധ്യാപകർ ,വിദ്യാർത്ഥികൾ ചേർന്ന് ഒരുക്കിയ 70 കിലോഗ്രാമോളമുള്ള കേക്കുകളാണ് സംഘം വിതരണം ചെയ്തത് .ക്രിസ്തുമസ് സഹജീവികളോടുള്ള കരുതലിന്റെ വിളംബരമാണ് നൽകുന്നതെന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് വൈസ് പ്രിൻസിപ്പലും കായികവിഭാഗം അസോ .പ്രൊഫസറുമായ ഫാ .ജോയ് പി .ടി പറഞ്ഞു .അദ്ദേഹം സൈക്കിളിൽ സംഘത്തിന് നേതൃത്വം നൽകി .സി .എസ് .എ കോർഡിനേറ്റർ അസി .പ്രൊഫ .ജെബിൻ കെ .ഡേവിസ് ,സൈക്കിൾ ക്ലബ്ബ് കൺവീനർ അസി .പ്രൊഫ .ഷിന്റോ ,ബി .പി .ഓ വകുപ്പദ്ധ്യക്ഷൻ ഡോ .അരവിന്ദ് .സൈക്കിൾ ക്ലബ്ബ് അസി .കൺവീനർ സ്മിത ആന്റണി എന്നിവരും ഉൾപ്പെടെ 11 അദ്ധ്യാപകരും 14 വിദ്യാർത്ഥികളും യാത്രയിൽ പങ്ക് കൊണ്ടു .രാവിലെ 9 ന് ആരംഭിച്ച യാത്ര ഉച്ചയോട് കൂടിയാണ് പരിസമാപിച്ചത് .യാത്രയിലുടനീളം ഊഷ്മളമായ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത് .