ഇരിങ്ങാലക്കുട :രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തിൽ സിപിഐ(എം) നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ 13 കേന്ദ്രങ്ങളിൽ വൈകീട്ട് 5 മുതൽ 6 വരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധി നിയമവാഴ്ചയുടെ തകർച്ചയാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ വാഴ്ചയെ തകർക്കലാണ്. നിയമനിർമ്മാണ സഭയെയും നോക്കുകുത്തിയാക്കി മാറ്റിയിരിക്കുന്നു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടുകൾക്കെതിരായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഇരിങ്ങാലക്കുടയിൽ പ്രൊഫ കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര, ലോക്കൽ സെക്രട്ടറി ശശി വെട്ടത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി എൻ കൃഷ്ണൻ കുട്ടി, വി എ അനീഷ് എന്നിവർ സംസാരിച്ചു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് കരുവന്നൂരിലും, അഡ്വ കെ ആർ വിജയ ആസാദ് റോഡിലും ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ കാട്ടൂരിലും ഏരിയാ കമ്മിറ്റി അംഗങ്ങളായ വി എ മനോജ് കുമാർ കിഴുത്താനിയിലും കെ എ ഗോപി വേളൂക്കരയിലും സമരം ഉദ്ഘാടനം ചെയ്തു
ബാബറി മസ്ജിദ് കോടതി വിധി മതേതര ഇന്ത്യക്ക് അപമാനകരം: സിപിഐ(എം) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Advertisement