മുജീബ് മാസ്റ്റർക്ക് ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ്

78

മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്‌കൂൾ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർക്ക് ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ്. 25 വർഷമായി മതിലകം സെന്റ് ജോസഫ്സ് സ്‌കൂളിലെ അധ്യാപകനാണ്. 1995ൽ സർവീസ് ആരംഭിച്ച മാസ്റ്റർ 2017 ഏപ്രിലിലാണ് പ്രധാനാദ്ധ്യാപകനായി ചുമതലയേൽക്കുന്നത്. അധ്യാപകൻ എന്ന നിലയിലും പ്രധാനാധ്യാപകൻ എന്ന നിലയിലും വിദ്യാലയത്തിനും വിദ്യാർഥികൾക്കും സമൂഹത്തിനും നൽകിയ മികച്ച സേവനത്തിനാണ് അവാർഡ്. സ്റ്റാഫ് അംഗങ്ങളുടെയും പി.ടി.എ.യുടെയും മാനേജ്മെന്റിന്റെയും പൂർണ്ണ പങ്കാളിത്തത്തോടെ മാസ്റ്റർ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ നൂതന പദ്ധതികൾ വിദ്യാലയത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. മാസ്റ്ററുടെ ശ്രമഫലമായി കഴിഞ്ഞ മൂന്ന് വർഷമായി എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുകയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ്എസ്എൽസി പരീക്ഷക്കിരുത്തി വിജയിപ്പിച്ച വിദ്യാലയം എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു. വേറിട്ട പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മികച്ച പി.ടി.എ.ക്കുള്ള ജില്ലാ പി.ടി.എ അവാർഡ് കഴിഞ്ഞവർഷം വിദ്യാലയത്തിന് ലഭിച്ചിരുന്നു. സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പഠനത്തിൽ സ്മാർട്ടാക്കാൻ മുജീബ് മാസ്റ്റർ കാണിച്ച മിടുക്കും പാഠ്യപാഠ്യേതര വിഷയങ്ങളിൽ സ്‌കൂൾ നേടിയ മികവുമാണ് അദ്ദേഹത്തെ സംസ്ഥാന അവാർഡിന് അർഹനാക്കിയത്. ഇരിഞ്ഞാലക്കുട ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം ട്രഷറർ കൂടിയായ ഇദ്ദേഹം ഒട്ടേറെ സന്നദ്ധ സംഘടനകളിലും വേദികളിലും സേവനമനുഷ്ടിച്ചു വരുന്നു.

Advertisement