എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് രണ്ട് യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു

85

എടതിരിഞ്ഞി :സർവീസ് സഹകരണ ബാങ്ക് രണ്ട് യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനജീവിതം പ്രതിസന്ധിയിൽ അകപ്പെട്ട വർത്തമാന കാലത്ത് നന്മ നിറഞ്ഞ പ്രവർത്തനങ്ങളുമായി എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് മാതൃക ആകുന്നു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത പടിയൂർ പഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥികൾക്ക് ടി.വി.യും മൊബൈൽ ഫോണും നൽകിയ ബാങ്ക് പശു, ആട്,കോഴി, ചെറുകിട കച്ചവടം, കൃഷിക്കുള്ള പലിശ രഹിത വായ്പകൾ ഉൾപ്പടെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസകരമായ അതിജീവന പദ്ധതികൾ നടപ്പിലാക്കിയ ശേഷം കേരളത്തിലെ സഹകരണ മേഖലക്ക് തന്നെ മാതൃകയായി പടിയൂർ പഞ്ചായത്ത് നിവാസികളായ 2 നിർധന യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു. ഗ്രാമ പഞ്ചായത്ത്, വില്ലജ് അധികാരികളുടെ സാക്ഷ്യ പത്രത്തോട് കൂടിയാണ് അർഹരെ കണ്ടെത്തുന്നത്. അർഹരായവർക്ക് അവരുടെ ആചാര അനുഷ്ഠാനങ്ങൾ പ്രകാരം വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കാം. വിവാഹ ചിലവുകളും പൊതു ചടങ്ങുകളും ബാങ്ക് ഏറ്റെടുക്കും. ജാതി മത പരിഗണനയോ, എപിഎൽ / ബിപിഎൽ വ്യത്യാസങ്ങളോ അർഹരെ തിരഞ്ഞെടുക്കുന്നതിൽ മാനദണ്ഡമാക്കില്ല. ഈ പദ്ധതി പ്രകാരം വിവാഹിതരാകുവാൻ താല്പര്യമുള്ളവരുടെ രക്ഷിതാക്കൾ ജൂലൈ 31 ന് മുൻപായി എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ബാങ്ക് പ്രസിഡന്റ് പി.മണി, വൈസ് പ്രസിഡന്റ് ടി.ആർ. ഭുവനേശ്വരൻ, സെക്രട്ടറി സി.കെ.സുരേഷ് ബാബു, ബോർഡ് മെമ്പർമാരായ എ.കെ.മുഹമ്മദ്, ഇ.വി.ബാബുരാജ്, ടി.വി. വിബിൻ, സിന്ധു പ്രദീപ്, എ.ആർ. സോമശേഖരൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Advertisement