രൂപതയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി മാസ്‌ക്കുകള്‍ സൗജന്യമായി നൽകി

127

ഇരിങ്ങാലക്കുട : കോവിഡ് 19 നെ പ്രതിരോധിക്കാന്‍ സൗജന്യ മാസ്‌ക്കുകളുടെ വിതരണവുമായി ഇരിങ്ങാലക്കുട രൂപത. രൂപതാതിര്‍ത്തിക്കുള്ളില്‍ കഴിയുന്ന നാനാജാതി മതസ്ഥരായ മനുഷ്യര്‍ക്ക് കൊറോണ വൈറസിനെ തടയുന്നതിന് സഹായകമായ ഗുണനിലവാരമുള്ള മാസ്‌ക്കുകളാണ് രൂപതാ ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. മാസ്‌ക്ക് വിതരണത്തിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോസ് മഞ്ഞളി, ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് കണ്ണമ്പിള്ളി, കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് പാലത്തിങ്കല്‍ എന്നിവര്‍ രൂപതാ ഭവനത്തില്‍ നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഏകദേശം 1 കോടി 90 ലക്ഷം രൂപയുടെ സഹായങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ വിവിധ പ്രൊവിന്‍സുകള്‍ വഴി സന്യസ്തരുടെയും മാതൃസംഘം, കെ.സി.വൈ.എം സംഘടനാംഗങ്ങളുടെയും സുമനസ്സുകളുടേയും സഹായത്തോടെയാണ് കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് 25000 ത്തില്‍പ്പരം മാസ്‌ക്കുകള്‍ തയ്യാറാക്കാനായതെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. അതിനു നേതൃത്വം കൊടുത്ത ഹൃദയ പാലിയേറ്റീവ് കെയര്‍ അസി.ഡയറക്ടര്‍ റവ. ഫാ. വിമല്‍ പേങ്ങിപ്പറമ്പിലിനെ പ്രത്യകമായി അനുമോദിച്ചു. രൂപതാതിര്‍ത്തിക്കുള്ളിലെ പൊലിസ്, ഫോറസ്റ്റ്, ഫയര്‍ സ്റ്റേഷനുകളിലൂടെയും താലൂക്ക് – വില്ലേജ് ഓഫീസുകളിലൂടെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും ആയിരിക്കും സൗജന്യമായി മാസക്കുകള്‍ വിതരണം ചെയ്യുക. രൂപതയിലെ 75 അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും ഹൃദയ പാലിയേറ്റീവ് കെയറിന്റെ ശുശ്രൂഷ ഏറ്റുവാങ്ങുന്ന 1300 ല്‍ പരം രോഗികള്‍ക്കും പ്രവാസികള്‍ക്കും മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കും.

Advertisement