ലോക്ക് ഡൌണിൽ പഠനവീഡിയോകളുമായി ക്രൈസ്റ്റ് എൻജിനിയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ

157

ഇരിങ്ങാലക്കുട : അവസാന വർഷ വിദ്യാർത്ഥികൾക്ക് സഹായകമായ പഠന വീഡിയോകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അവസാനവർഷ വിദ്യാർത്ഥികൾ. എപിജെ അബ്ദുൽ കലാം കേരള സർവ്വകലാശാലയിലെ അവസാനവർഷ പഠന വിഷയമായ മൈക്രോ ആൻഡ് നാനോ മാനുഫാക്ചറിങ്ങാണ് ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികളും ചേർന്ന് മറ്റു കോളേജിലെ വിദ്യാർത്ഥികൾക്ക് സൗജന്യവും വ്യക്തവുമായ വീഡിയോകളായി നിർമ്മിച്ച് നൽകി മാതൃകയായത്. ലോക്ക് ഡൗൺ മൂലം ക്ലാസുകൾ ലഭിക്കാത്തതും, ആവശ്യമായ പഠന പുസ്തകങ്ങൾ സർവ്വകലാശാല നൽകാത്തതുമാണ് ഈ സംരംഭത്തിന് കാരണമായതെന്ന് കോളേജ് യൂണിയൻ മെമ്പറായ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥി ശ്രീ ശ്രീഹരി ബാബു പറയുന്നു. ഓൺലൈൻ ക്ലാസുകൾ വഴി ചുരുക്കം പാഠഭാഗങ്ങൾ മാത്രം പൂർത്തിയാകുമ്പോൾ അറുപതോളം വിദ്യാർത്ഥികൾ ചേർന്ന് ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയത് മാതൃകാപരമായ പ്രവർത്തിയാണെന്ന് കോളേജ് പ്രിൻസിപ്പലായ പ്രൊഫസർ സജീവ് ജോൺ അഭിപ്രായപ്പെട്ടു. സർവ്വകലാശാലയിൽ തുടർച്ചയായി എല്ലാവർഷവും ഉന്നത വിജയം കരസ്ഥമാക്കിയ അവസാനവർഷ വിദ്യാർത്ഥികളിൽ നിന്നും ഇനിയും ഇത്തരം ചുവടുവെപ്പുകൾ പ്രതീക്ഷിക്കുന്നു എന്ന് എക്സിക്യൂട്ടീവ് ഡയറക്ടറായ ഫാദർ ജോൺ പാലിയേക്കര കൂട്ടിച്ചേർത്തു.

Advertisement