തൃശ്ശൂർ :കോവിഡ് 19 ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യ ധനസഹായം നൽകുവാൻ ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ക്ഷേമനിധി അംഗങ്ങൾക്കാണ് സഹായം ലഭിക്കുക. ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ തൊഴിലാളികൾക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലാണ് ധനസഹായം നൽകുക.1991ലെ ഓട്ടോറിക്ഷ പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് 2000 രൂപയും, 2004ലെ ഓട്ടോമൊബൈൽ വർക് ഷോപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് ആയിരം രൂപയും സൗജന്യ ധനസഹായമായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അനിശ്ചിതമായി തുടരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മുൻപ് പ്രഖ്യാപിച്ച തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി തികച്ചും സൗജന്യ ധന സഹായം പ്രഖ്യാപിച്ചത്. നിലവിൽ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ ലഭിച്ചവർക്കും ഇതിനോടകം വായ്പയ്ക്ക് അപേക്ഷിച്ചവർക്കും ഈ തുക സൗജന്യമായി അനുവദിച്ചതായി പരിഗണിക്കും. അതിനാൽ വായ്പാ ഇനത്തിൽ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. നാളിതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങളായ തൊഴിലാളികൾക്ക് അപേക്ഷാഫോറം ബോർഡിന്റെ വെബ്‌സൈറ്റായ www.kmtwwfb.org യിൽ ലഭിക്കുമെന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അറിയിച്ചു. ഫോൺ: 0487 2446545.