ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ കൂടല്‍മാണിക്യം ദേവസ്വം സാമ്പത്തിക പ്രതിസന്ധിയില്‍:പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ദേവസ്വം

183

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രവും കീഴേടങ്ങളും അടച്ചിട്ടതോടെ ദേവസ്വം സാമ്പത്തിക പ്രതിസന്ധിയില്‍. ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഗ്രാന്റ് അനുവദിക്കണമെന്ന് ദേവസ്വം സര്‍ക്കാറിനോട് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. മാര്‍ച്ച് 22 മുതലാണ് നിയന്ത്രണങ്ങളുടെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലേയ്ക്കും കീഴേടങ്ങളിലേയ്ക്കുമുള്ള ഭക്തജനങ്ങളുടെ പ്രവേശനം ദേവസ്വം നിറുത്തിവെച്ചത്. നടവരവും വഴിപാടുകളും ഇല്ലാതായതോടെ ക്ഷേത്ര വരുമാനത്തെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ദേവസ്വത്തിന് വരുമാനത്തിനുള്ള വഴിയടഞ്ഞു. ക്ഷേത്രത്തില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. മിച്ചം വെക്കാന്‍ ഒന്നുമില്ലാത്ത ദേവസ്വത്തിന് കഴിഞ്ഞ ഒരു മാസമായി ക്ഷേത്രങ്ങള്‍ അടച്ചിട്ടത് സാമ്പത്തികമായി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നാലമ്പല തീര്‍ത്ഥാടനകാലത്ത് ദേവസ്വത്തിന് ഒരു കോടി രൂപയോളമാണ് വരുമാനം ലഭിച്ചിരുന്നത്. ഇതെല്ലാം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ദേവസ്വത്തിന് സഹായകരമായിരുന്നു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് നാലമ്പല തീര്‍ത്ഥാടനകാലത്തും ദേവസ്വം വരുമാനത്തില്‍ വലിയ തിരിച്ചടിയുണ്ടായി. ക്ഷേത്രം കഴകക്കാരും മേല്‍ശാന്തി, ക്ലര്‍ക്ക് എന്നിവരടക്കം സ്ഥരം, താല്‍ക്കാലിക ജീവനക്കാരായി 56 പേരാണ് കൂടല്‍മാണിക്യം ദേവസ്വത്തില്‍ ഉള്ളത്. ഇതിനുപുറമെ 11 കീഴേടങ്ങളിലായി 12 പേരും ഉണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കുമുള്ള ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനുമായി പ്രതിമാസം 15 ലക്ഷം രൂപ ആവശ്യമാണ്. ഇതിനുപുറമെ ആനയുടെ ചിലവ്, ക്ഷേത്രത്തിലെ നിത്യനിധാന ചിലവ് എന്നിവയടക്കം 18 ലക്ഷം രൂപയാണ് ദേവസ്വത്തിന് ചിലവ് വരുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. കച്ചേരി വളപ്പിലെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലൂടെ ഒരു ലക്ഷത്തിലേറെ വരുമാനം ദേവസ്വത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് അവ അടച്ചിട്ടിരിക്കുന്നതിനാല്‍ വാടകയുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഗ്രാന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. പ്രതിസന്ധിയുണ്ടെങ്കിലും ശമ്പളം മുടങ്ങില്ലെന്നും ശമ്പളം എത്തിക്കാനുള്ള സംവിധാനം ഗവണ്‍മെന്റുമായി ആലോചിച്ച് ചെയ്യുമെന്നും യു. പ്രദീപ് മേനോന്‍ പറഞ്ഞു. 

Advertisement