വരള്‍ച്ചയെ അതിജീവിക്കാന്‍ പുല്ലൂര്‍ തൊമ്മാന കെഎല്‍ഡിസി കനാലില്‍ തടയണ

84
Advertisement

പുല്ലൂര്‍: വരള്‍ച്ച മുന്നില്‍ക്കണ്ട് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനു പുല്ലൂര്‍ തൊമ്മാന കെഎല്‍ഡിസി കനാലില്‍ തടയണയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നു. കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളം സംഭരിക്കുന്നതിനും ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനും ഈ തടയണ ഉപകാരപ്രദമാകും. 50 ലക്ഷം രൂപ ചെലവിട്ട് നാല് ഷട്ടറുകളിലായാണ് തടയണയുടെ നിര്‍മാണം നടക്കുന്നത്. തടയണയുടെ നിര്‍മാണത്തിനു പുറമേ മോട്ടര്‍ തറ, കൃഷിയിടങ്ങളിലേക്ക് പൈപ്പിടല്‍ അനുബന്ധ പ്രവര്‍ത്തികള്‍ക്കും അടങ്ങുന്നതാണ് ഈ തുക. നബാര്‍ഡിന്റെ സഹായത്തോടെ കെഎല്‍ഡിസി വിഭാഗമാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ തടയണയുടെ പണികള്‍ പൂര്‍ത്തിയാകും. ചെമ്മീന്‍ചാല്‍ പ്രദേശത്തെ 300 ഏക്കര്‍ നെല്‍കൃഷിക്കു ഇതുവഴി വെള്ളം സംഭരിക്കാനാകും. വലതുകര കനാലില്‍ നിന്നും വരുന്ന വെള്ളം മുരിയാട് കായലിലേക്ക് ഒഴുകി പാഴായി പോകുന്നത് തടയണ മൂലം തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. വേനല്‍ ആരംഭിക്കുന്ന ജനുവരി മാസം പകുതിയോടെ അടക്കുന്ന തടയണയുടെ ഷട്ടറുകള്‍ കാലവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ മാസത്തോടെ തുറന്നുവിടും. വേളൂക്കര പഞ്ചായത്തിലെ തൊമ്മാന, കടുപ്പശേരി, കച്ചേരിപ്പടി, ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്ന് എന്നിവിടങ്ങളിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള ക്ഷാമത്തിന് ഇതുമൂലം പരിഹാരം കാണുവാന്‍ സാധിക്കുമെന്ന് ചെമ്മീന്‍ചാല്‍ പാടശേഖരസമിതി സെക്രട്ടറി പ്രവീണ്‍ കോക്കാട്ട് പറഞ്ഞു.