ഇരിങ്ങാലക്കുട: രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉളളുലച്ച് കദീജയും വാസന്തിയും. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയും റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത വാസന്തിയുമാണ് പ്രേക്ഷകര്‍ക്ക് പൊള്ളുന്ന അനുഭവമായി മാറിയത്. തീവ്രവാദ കുറ്റം ആരോപിക്കപ്പെടുന്ന യുവാവിന്റെ കുടുംബത്തിലെ യുവതിയായ കദീജയുടെ മാനസിക സംഘര്‍ഷങ്ങളുടെ കഥ പറഞ്ഞ ചിത്രം മതത്തിനും സമൂഹത്തിനും എതിരെയുള്ള ഖദീജയുടെ കലാപം കൂടിയാണ്. മാസ് മൂവീസില്‍ നടന്ന ബിരിയാണിയുടെ സ്‌ക്രീനിംഗിന് ശേഷം നടന്ന സംവാദത്തില്‍ സംവിധായകന്‍ സജിന്‍ബാബു പങ്കെടുത്തു. ഫിലിം സൊസൈറ്റി രക്ഷാധികാരി എം.കെ ചന്ദ്രന്‍ മാസ്റ്റര്‍ സംവിധായകനെ ആദരിച്ചു. തുടര്‍ന്ന് നടന്ന വാസന്തിയുടെ പ്രദര്‍ശനത്തിന് സംവിധായകരായ റഹ്മാന്‍ ബ്രദേഴ്‌സ്, നിര്‍മ്മാതാവ് സജു വില്‍സന്‍, മുഖ്യ കഥാപാത്രമായ വാസന്തിയെ അവതരിപ്പിച്ച സ്വാസിക എന്നിവരും എത്തിയിരുന്നു.മരിച്ച് കിടക്കുന്ന ഒരു ജഡ്ജിയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വാസന്തിയില്‍ ജഡ്ജിയുടെ മരണകാരണത്തെക്കുറിച്ചും സ്വന്തം ജീവിത പരിണാമങ്ങളെക്കുറിച്ചും വാസന്തി വിശദീകരിക്കുന്നു. ചിത്രത്തിന്റെ സ്‌ക്രീനിംഗിന് ശേഷം സംവിധായകരും സാങ്കേതിക വിദഗ്ധരും പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. സംവിധായകരെയും ടീം അംഗങ്ങളെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ ആദരിച്ചു.
