കാറളം പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

153

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കിഴുത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി നെയ്ത്ത് കേന്ദ്രത്തിന് നേരെയുള്ള പഞ്ചായത്തിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. സ്ഥാപനത്തിന്റെ സ്വന്തം സ്ഥലത്ത് നിലവിലുള്ള 30 വനിതാ തൊഴിലാളികള്‍ നെയ്ത്ത് ജോലി ചെയ്യുന്ന ഒരു കെട്ടിടത്തിന്റെ സുരക്ഷ മുന്‍ നിര്‍ത്തി പണിയുന്ന താല്‍കാലിക ഭിത്തിയുടെ നിര്‍മ്മാണമാണ് പഞ്ചായത്ത് തടയാന്‍ ശ്രമിക്കുന്നത്. അറുപതോളം ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുകയും കൈത്തറി രംഗത്ത് തുണിസഞ്ചി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി മാതൃക സൃഷ്ടിക്കുന്ന ഈ സ്ഥാപനം പഞ്ചായത്തിന് തന്നെ അഭിമാനമാണെന്നിരിക്കേ, ഈ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കവുമായി പഞ്ചായത്ത് രംഗത്ത് വരുന്നത് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ അഡ്വ എം എസ് അനില്‍ കുമാറിനോടുള്ള ചിലരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു ഗാന്ധിയന്‍ സ്ഥാപനത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളായ തങ്കപ്പന്‍ പാറയില്‍, രാംദാസ് വെളിയംകോട്ട്, സുനില്‍ ചെമ്പി പറമ്പില്‍, സജീവന്‍ പോട്ടയില്‍ എന്നിവര്‍ സൂചിപ്പിച്ചു.

 

Advertisement