കാക്കാതുരുത്തി :കാക്കാതുരുത്തി ഓളിപറമ്പില്‍ ശിവരാമനേയും കുടുംബത്തിനുമാണ് പഞ്ചായത്തും പോലീസും നാട്ടുകാരും ചേര്‍ന്ന് പുതു ജന്മമൊരുക്കുന്നത്.
നാല് വര്‍ഷം മുന്‍പ് പക്ഷാഘാതം പിടിപെട്ടതോടെ കുടുംബനാഥനായ ശിവരാമന്‍ കിടപ്പിലാവുകയായിരുന്നു.ശിവരാമന്റെ മകന്‍ സനീഷ്(32) ന് രണ്ട് വര്‍ഷം മുന്‍പ് മാനസികാരോഗ്യനില തകരാറിലായതോടെ സനീഷും വീടിന് പുറത്തിറങ്ങാതെയായി പിന്നീട് ഏക ആശ്രയമായിരുന്ന ശിവരാമന്റെ ഭാര്യ പത്മിനി (60) പല പണികളും ചെയ്തും നാട്ടുകാരുടെ സഹായത്താലും ചികിത്സകള്‍ നടത്തുകയും കുടുംബം മുന്നോട്ട് കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുകയുമായിരുന്നു.ഇതിനിടെആറ് മാസം മുന്‍പ് പത്മിനിയും മാനസികാസ്വസ്ത്യം പ്രകടിപ്പിച്ചു തുടങ്ങി.രണ്ടു തവണ പത്മിനി ആത്മഹത്യാശ്രമം നടത്തിയിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് പത്മിനി രക്ഷപ്പെട്ടത്.ശിവരാമന്‍ കിടപ്പിലാകുകയും, പത്മിനിക്കും,മകന്‍ സനീഷിനും മാനസികനില തകരാറിലാകുകയും ചെയ്തതോടെ ഇവര്‍ മൂവരും വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതെയായി.അടുത്ത വീടുകളില്‍ താമസിച്ചിരുന്ന ബന്ധുക്കളാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത്.
പടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ പാലീയേറ്റീവ് പ്രവര്‍ത്തകരും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് വന്നിരുന്നു.മൂവര്‍ക്കും അസുഖം കൂടുതലായതോടെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനു വേണ്ടി പടിയൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗം സുനിത മനോജ് കാട്ടൂര്‍ ജനമൈത്രി പോലീസ് എസ്.ഐ പി.ബി അനീഷിനെ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഈ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ഇവര്‍ക്ക് സംരക്ഷണം ഒരുക്കുവാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ പി.ബി അനീഷിന്റെയും, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എസ് സുധന്റെയും നേതൃത്വത്തില്‍ നാട് ഒറ്റക്കെട്ടായ് മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ പത്മിനിയേയും മകന്‍ സനീഷിനേയും പോലീസിന്റെ ആംബുലന്‍സില്‍ തൃശുര്‍ പടിഞ്ഞാറേകോട്ട മാനസീകാരോഗ്യ കേന്ദ്രത്തിലും,
ശിവരാമനെ ലൈഫ് ഗാര്‍ഡ് ആംബുലന്‍സില്‍ കൊടുങ്ങല്ലൂര്‍ ദയ അഗതിമന്ദിരത്തിലും പ്രവേശിപ്പിച്ചു.വാര്‍ഡ് അംഗം സുനിതാ മനോജ്, പോലീസ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ റൂറല്‍ സ്രിക്രട്ടറി കെ.പി രാജു, ജനമൈത്രി അംഗങ്ങളായ ഷെമീര്‍ എളേടത്ത്, നസീര്‍ സീനാസ്, സി പി ഒ മാരായ മണി, വിപിന്‍ കൊല്ലാറ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനു കെ.എസ്, നഴ്‌സ് സീമ സന്തോഷ്, സാമൂഹ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി, ഗിരീഷ് എ.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അസുഖം മറിയാല്‍ മൂവരേയും വീട്ടില്‍ തിരിച്ചു കൊണ്ടുവന്ന് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കി പുതു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള പരിശ്രമത്തിലാണ് പോലീസും,പഞ്ചായത്തും, നാട്ടുകാരും.