വെളളാങ്കല്ലൂര്‍ : പഴകിയതും അേമാണിയ, ഫോര്‍മലിന്‍ എന്നീ രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വില്പന നടത്തുന്നു എന്ന് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്ന് വെളളാങ്കല്ലൂര്‍ പഞ്ചായത്തിലെ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി. കരൂപ്പടന്ന, കോണത്ത്കുന്ന്, വളളിവട്ടം,മനക്കലപ്പടി, വെള്ളാങ്കല്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ വെളളാങ്കല്ലൂര്‍ സ്‌റ്‌റാളില്‍ ആവോലി പോലുള്ള മത്സ്യം പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തതുമാണെന്ന് കണ്ടെത്തി. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു കളഞ്ഞു. മത്സ്യ സ്‌ററാളിലെ മലിനജലം റോഡിലേക്ക് ഒഴുക്കിയതിന് നടപടിക്കായി ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കി. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ ജലം പൊതു റോഡിലേക്ക് ഒഴുക്കുന്നതും, രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം വില്ക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെളളാങ്കല്ലൂര്‍ പ്രഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍)വി.ജെ.ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എ.അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ശരത്കുമാര്‍, എല്‍ദോ.പി, കെ.എസ്.ഷീഹാബുദ്ദീന്‍, മദീന എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മത്സ്യ വില്പന സ്റ്റാളുകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന-പഴകിയ മത്സ്യം പിടിച്ചെടുത്തു-ഫോര്‍മലിന്റെ സാന്നിദ്ധ്യം കണ്ടെത്തി
Advertisement