ഇരിങ്ങാലക്കുട : നിയമവിധേയമായ രാജ്യാന്തര അവയവദാനത്തിലൂടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താമെന്ന് കിഡ്‌നിഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. വാഹനാപകടത്തില്‍ മരണപ്പെട്ട ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ആദിത്തിന്റെ ഹൃദയത്തുടിപ്പുമായി നന്ദിപ്രാകാശനത്തിനായി കസാക്കിസ്ഥാനിലെ അസ്താനയില്‍ നിന്നും ദില്‍നാസ് എസ്സാന്‍ ഇരിങ്ങാലക്കുടയില്‍ എത്തിയവേളയില്‍ ആദിത്ത് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഫാ.ഡേവീസ് ചിറമ്മല്‍. അവയവദാനം നടത്തുന്ന നിസ്വാര്‍ത്ഥമതികള്‍ക്ക് സമൂഹം മതിയായ പരിഗണന നല്‍കണമെന്നും, മനുഷ്യനും മനുഷ്യനും തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത കുറയ്ക്കാന്‍ അവയവദാനത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കസാക്കിസ്ഥാനിലെ അസ്താനയില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദില്‍നാസിന് കാര്‍ഡിയാക് മയോപ്പതി എന്ന അസുഖം ബാധിച്ചത്. 60 ദിവസമായി യോജിച്ചഹൃദയം ലഭിക്കുന്നതിനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇരിങ്ങാലക്കുട ചേലൂര്‍ കല്ലൂക്കാരന്‍ വീട്ടില്‍ പോള്‍സണ്‍ന്റെയും ഷിന്‍സിയുടേയും മകനായ ആദിത്ത് വാഹന അപകടത്തിലാണ് ആശുപത്രിയില്‍ എത്തിയത്. ജീവന്‍ തിരിച്ച് കിട്ടിലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പോള്‍സണും, ഷിന്‍സിയും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ആറ് പേര്‍ക്കാണ് ആദിത്ത് പുനര്‍ ജീവന്‍ നല്‍കിയത്. അതില്‍ ഹൃദയം കൈമാറിയത് ചെന്നൈ മലര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കസാക്കിസ്ഥാന്‍കാരി ദില്‍നാസ് എന്ന വിദ്യാര്‍ത്ഥിക്കായിരുന്നു. ആദിത്തിന്റെ വീടും, കല്ലറയും സന്ദര്‍ശിക്കാനാണ് ദില്‍നാസും അമ്മ അനാറയും പരിഭാഷകന്‍ പ്രണവും മലര്‍ ആശുപത്രിയിലെ പി.ആര്‍.ഒ.സതീഷുമൊത്ത് ഇരിങ്ങാലക്കുടയില്‍ എത്തിയത്. ആദിത്തിന്റെ സ്മരണാര്‍ത്ഥം ചേലൂര്‍ സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികള്‍ക്കായി ചാവറ ഫാമിലിഫോറം ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സഹായ വിതരണത്തിലും ദില്‍നാസ് പങ്കെടുത്തു.ചടങ്ങില്‍ കാത്തലിക്‌സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, ചാവറ ഫാമിലി ഫോറം ഭാരവാഹികളായ സെബാസ്റ്റിയന്‍ മാളിയേക്കല്‍, ലിയോണ്‍സ്, ജിമ്മി മാവേലി, നിക്ലാവോസ് , ബാബു കൂവക്കാടന്‍, വെസ്റ്റ് ലയണ്‍സ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍, ശാന്തിനികേതന്‍ സ്‌കൂള്‍ സെക്രട്ടറി എ.കെ.ബിജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുടക്കാരന്റെ ഹൃദയമിടിപ്പുമായി കസാക്കിസ്ഥാന്‍ക്കാരി കേരളത്തില്‍
Advertisement