ആറാട്ടുപുഴ, പെരുവനം, തൃശ്ശൂര്‍ പൂരങ്ങളിലെ പ്രഗല്‍ഭ വാദ്യകലാകാരന്‍മാര്‍ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തില്‍

998

ഇരിങ്ങാലക്കുട : 2019ലെ ശ്രീ കൂടല്‍മാണിക്യം ഉത്സവം മെയ് 14, ചൊവ്വാഴ്ച രാത്രി 8.10നും 8.40നും ഇടയില്‍ കൊടിയേറുന്നു. സൂത്രധാരക്കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നിവ കൂത്തമ്പലത്തില്‍ അരങ്ങേറുന്നതോടെ ഉത്സവത്തിന്റെ അനുഷ്ഠാനചടങ്ങുകള്‍ക്കും മറ്റാഘോഷങ്ങള്‍ക്കും തുടക്കം കുറിക്കും. തുടര്‍ന്ന് രാത്രി 9.15 മണിയോടെ സന്ധ്യാവേലപ്പന്തലില്‍ പ്രത്യേകരംഗശോഭയോടെ സജ്ജമാക്കിയ അരങ്ങില്‍ കൊരമ്പ് മൃദംഗക്കളരിയൊരുക്കുന്ന മൃദംഗമേള നടക്കും..പിറ്റേദിവസമായ കൊടിപ്പുറത്തുവിളക്കുദിനത്തില്‍ കാലത്ത് 8 മണിയോടെ പഞ്ചരത്‌നകീര്‍ത്തനാലാപനം നടക്കുന്നു . പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ ഉത്സവത്തിന്റെ അരങ്ങുണര്‍ത്തുക എന്നത് കഴിഞ്ഞ വര്‍ഷം നമ്മള്‍ തുടങ്ങിവച്ചിരുന്ന സംഗതിയാണ്.. ആ പരിപാടിയ്ക്കു ശേഷംയുവനിരയിലെ പ്രശസ്തനും മികച്ച സംഗീതജ്ഞനുമായശ്രീ തൃപ്പൂണിത്തുറ ജയറാം ഭാഗവതരും സംഘവുമവതരിപ്പിയ്ക്കുന്ന സമ്പ്രദായ ഭജന നടക്കുന്നു..ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലേയും ഭക്തകവികളുടെ കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇതിനൊരു ദേശീയോദ്ഗ്രഥനത്തിന്റെ സ്വഭാവവും സിദ്ധിയ്ക്കുന്നു.ഭക്തിയും സംഗീതവും സമഞ്ജസമായി സമ്മേളിക്കുന്നു….എല്ലാവര്‍ഷത്തേയുംപോലെഉത്സവനാളുകളില്‍ സന്ധ്യാവേലപ്പന്തലില്‍ സന്ധ്യക്ക് നാഗസ്വരം, കേളി, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ്, തായമ്പക എന്നീ വാദ്യവിശേഷങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ കലാരൂപങ്ങളുടെ അവതരണങ്ങള്‍ കൂടുതല്‍ വിപുലമായ രീതിയിലാണ് ഇത്തവണ ഉള്‍പ്പെടുത്തിട്ടുള്ളത്.കൊടിപ്പുറത്തു വിളക്കു ദിവസം രാത്രി 8.30ന് ശ്രീ ഇരിങ്ങാലക്കുട ദേവദാസ് , ശ്രീ ഇരിങ്ങാലക്കുട പ്രകാശന്‍ എന്നിവരും സംഘവും വിശേഷാല്‍ നാഗസ്വരക്കച്ചേരി അവതരിപ്പിക്കും.രണ്ടാം ഉത്സവനാളിലെ പഞ്ചമദ്ദളകേളി ശ്രീ കലാനിലയം പ്രകാശന്‍ നയിക്കും.മൂന്നാം ഉത്സവനാളില്‍ മാസ്റ്റര്‍ വേദിക്, മാസ്റ്റര്‍ അശ്വിന്‍ മൂസത്, കുമാരി ഗായത്രി ഇവരുടെ ത്രിത്തായമ്പക. തുടര്‍ന്ന് സന്ധ്യക്ക് 6 മണിക്ക് കൊമ്പു കലാകാരന്‍മാരില്‍ പ്രസിദ്ധനായ ശ്രീ പൈപ്പോത്ത് ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിയ്ക്കുന്ന വിശേഷാല്‍ കൊമ്പുപറ്റുമുണ്ട്. .നാലാം ഉത്സവനാളില്‍ ശ്രീ സദനം ഭരതരാജന്റേയും ശ്രീ കലാനിലയം ഉദയന്‍ നമ്പൂതിരിയുടേയും സിംഗിള്‍ കേളി മറ്റൊരാകര്‍ഷണമാണ്. ദേശീയ അന്തര്‍ദ്ദേശീയ പ്രശസ്തരാണിരുവരും.വിശ്വപ്രശസ്തവാദ്യ വിചക്ഷണന്‍മാരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായഅഞ്ചാം ഉത്സവനാളിലെ കേളിയുടെ മഹത്വം വാക്കുകള്‍ക്കതീതമാണ്. ശ്രീ ചെര്‍പ്പുളശ്ശേരി ശിവന്‍, അദ്ദേഹത്തിന്റെ പുത്രനും ശിഷ്യനുമായ ശ്രീ ചെര്‍പ്പുളശ്ശേരി ഹരിഹരന്‍ എന്നിവര്‍ മദ്ദളത്തിലും പദ്മശ്രീ മട്ടന്നൂര്‍ശങ്കരന്‍കുട്ടിമാരാര്‍, അദ്ദേഹത്തിന്റെ ദ്വിതീയപുത്രനും ശിഷ്യനുമായ ശ്രീ മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ എന്നിവര്‍ ചെണ്ടയിലുമായി കേളികൊട്ടുന്നു .ആറാം ഉത്സവദിനത്തില്‍ പ്രസിദ്ധ കുഴല്‍വാദകനായ ശ്രീ കൊമ്പത്ത് ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന വിശേഷാല്‍ കുഴല്‍പ്പറ്റ് ഉണ്ടാകും.ഏഴാം ഉത്സവ ദിനത്തില്‍ ശ്രീ കലാമണ്ഡലം രാജീവും ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ചേര്‍ന്നവതരിപ്പിക്കുന്ന മിഴാവ് – ഇടക്കതായംമ്പക ഉണ്ടായിരിക്കും.
വലിയവിളക്കുദിവസം ശ്രീ ചേറുശ്ശേരി ആനന്ദും സംഘവും തായമ്പക അവതരിപ്പിക്കും.പള്ളിവേട്ട ദിവസം ശിവേലിക്കു ശേഷം വൈകീട്ട് മൂന്നിന് മദ്രാസ്സില്‍ നിന്നും വരുന്ന ശ്രീ മയ്‌ലൈ കാര്‍ത്തികേയനും സംഘവും അവതരിപ്പിക്കുന്ന വിശേഷാല്‍ നാഗസ്വരക്കച്ചേരിയുമുണ്ട്.എല്ലാ ദിവസവും ഉച്ചയ്ക്ക്‌ശേഷം സന്ധ്യാവേലപ്പന്തലില്‍ ശ്രീ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ ഉണ്ടാകും.ഇങ്ങനെഎല്ലാ ദിവസവും ആകര്‍ഷണീയമായ പരിപാടികള്‍ ഉള്‍പ്പെടുത്തി സന്ധ്യാവേലപ്പന്തലിലെ പരിപാടികള്‍ എല്ലാം തന്നെ ഈ വര്‍ഷം കൂടുതല്‍ ശ്രദ്ധആകര്‍ഷിയ്ക്കും.ഇരിങ്ങാലക്കുട ഉത്സവത്തിന്റെ വാദ്യപ്പെരുമ ലോകപ്രസിദ്ധമാണ് -ഒരേ രീതിയില്‍ 9 ദിവസങ്ങളിലായി 8 വിളക്കുകളും 8 ശിവേലികളുമുള്‍പ്പടെ എണ്ണം പറഞ്ഞ 16 പഞ്ചാരിമേളങ്ങള്‍ നടക്കുന്നു. ലോകത്തിലെവിടെയും ഇതുപോലെയില്ല എന്നത് ശ്രദ്ധേയമാണ്.
ആറാട്ടുപുഴ, പെരുവനം, തൃശ്ശൂര്‍ പൂരങ്ങളില്‍ വിവിധ പൂരങ്ങള്‍ക്കായി കൊട്ടിയ വാദ്യകലാകാരന്‍ ഒരുമിച്ചു ഇവിടെ ഒരുമിച്ചു കൊട്ടുന്നു. – ആദ്യകാലങ്ങളില്‍ മേള പഞ്ചവാദ്യ നടത്തിപ്പുകള്‍ ദേവസ്വം നേരിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്.പിന്നീട് പിന്നീട് ആ സമ്പ്രദായത്തിന് മാറ്റം വരികയും ഏറ്റവും കുറഞ്ഞ തുകയ്ക്കു ക്വട്ടേഷന്‍വയ്ക്കുന്ന വ്യക്തിയെ മേള പഞ്ചവാദ്യങ്ങളുടെ ചുമതല ഏല്‍പ്പിക്കുകയും ,ഏറ്റെടുത്തകരാറുകാരന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വാദ്യകലാകാരന്‍മാരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഉത്സവം നടത്തുക എന്ന രീതിയായി.നിലവാരത്തിന്റെ കാര്യത്തിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിലും പല വിമര്‍ശനങ്ങള്‍ക്കും കാരണവുമായി അത്.അതിനൊരു മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ ദേവസ്വം നേരിട്ട് മേള – പഞ്ചവാദ്യങ്ങള്‍ നടത്തിക്കുകയാണ്. പരസ്പര യോജിപ്പുള്ള മികച്ച കലാകാരന്‍മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണ മേള – പഞ്ചവാദ്യ വിഭാഗങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഉത്സവത്തിന്റെ സമസ്ത മേഖലകളിലുമുണ്ടായ ഗുണപരമായ മാറ്റം വാദ്യവിഭാഗങ്ങളിലും സംഭവിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.പഞ്ചാരിമേള രംഗത്തെ പ്രഗത്ഭമതികളായ പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, ശ്രീ കിഴക്കൂട്ട് അനിയന്‍ മാരാര്‍, ശ്രീ പെരുവനം സതീശന്‍ മാരാര്‍, ശ്രീ ചേറുശ്ശേരി കുട്ടന്‍ മാരാര്‍, ശ്രീ പെരുവനം പ്രകാശന്‍ മാരാര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ മേളം പ്രമാണിയ്ക്കുന്നു . മികവുറ്റ കലാകാരന്‍മാരാണ് അവരുടെ കൂടെ ഇക്കുറി പങ്കെടുക്കുന്നത്. ഓരോ മേളത്തിലും 120 ല്‍ കുറയാത്ത കലാകാരന്‍മാര്‍ പങ്കെടുക്കും.ശ്രീ ചോറ്റാനിക്കര വിജയന്‍ മാരാരുടെ നേതൃത്വത്തില്‍ ഭാവനാശേഷിയും സാധക ബലമുള്ള മികച്ച സംഘമാണ് ഇക്കുറി പഞ്ചവാദ്യത്തിനെത്തുന്നത്. 13 തിമിലകള്‍, 9 മദ്ദളങ്ങള്‍, 13 കൊമ്പുകള്‍, രണ്ടിടയ്കകള്‍, 13 ലധികം ഇലത്താളങ്ങള്‍ എന്നിങ്ങനെ അമ്പതിലധികം കലാകാരന്‍മാര്‍ പങ്കെടുക്കുന്നു.പള്ളിവേട്ട, ആറാട്ടു ദിവസങ്ങളില്‍ പഞ്ചവാദ്യത്തിനു ശേഷം ശ്രീ കലാമണ്ഡലം ശിവദാസും സംഘവുമവതരിപ്പിയ്ക്കുന്ന പാണ്ടിമേളം നടക്കും. നാല്‍പ്പതിലധികം കലാകാരന്‍മാര്‍ അതില്‍ പങ്കെടുക്കുന്നു.

Advertisement