നിറഞ്ഞ സദസ്സില്‍ ഭയാനകം; സംസ്ഥാന അവാര്‍ഡ് നേടിയ കാന്തന്‍ ദ ല വ ര്‍ ഓഫ് കളേഴ്സ് നാളെ

222

ഇരിങ്ങാലക്കുട: ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് മാസ് മൂവീസില്‍ തുടക്കമായി. തീയറ്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനീഷ് അരിക്കാട്ട്, സെക്രട്ടറി നവീന്‍ ഭഗീരഥന്‍, ട്രഷറര്‍ ടി.ജി. സച്ചിത്ത്, മാസ് മൂവിസ് പ്രൊപ്രേറ്റര്‍ എം.സി. പോള്‍സന്‍, ഫിലിം സൊസൈറ്റി അംഗങ്ങളായ ജോജി ചന്ദ്രശേഖരന്‍, എം.എസ്. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌ക്രീന്‍ രണ്ടില്‍ തകഴിയുടെ കയര്‍ എന്ന നോവലിനെ അവലംബിച്ച് ജയരാജ് ഒരുക്കിയ ഭയാനകവും തമിഴ് ചിത്രമായ ടു ലെറ്റും പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സിലാണ് ഭയാനകം പ്രദര്‍ശിപ്പിച്ചത്. മേളയുടെ രണ്ടാംദിവസമായ ഞായറാഴ്ച രാവിലെ 10ന് ഈ വര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കാന്തന്‍ ദി ലൗവ്വര്‍ ഓഫ് കളേഴ്സും 12ന് ജര്‍മ്മന്‍ ചിത്രമായ ഹൗസ് വിത്തൗട്ട് റൂഫും പ്രവര്‍ത്തിപ്പിക്കും. വയനാട്ടിലെ അടിയന്‍ വിഭാഗം ആദിവാസികളുട കഥ പറയുന്ന കാന്തന്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകന്റെ മകനായ കാന്തന്‍ എന്ന പന്ത്രണ്ടുവയസുകാരന്റേയും അവനെ വളര്‍ത്തുന്ന എഴുപത് കഴിഞ്ഞ മുത്തശ്ശിയുടേയും കഥയാണ്. സാമൂഹ്യപ്രവര്‍ത്തകയും ദളിത്, ആദിവാസി സംരക്ഷണത്തിന് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ദയാബായിയാണ് മുത്തശ്ശിയായി വേഷമിടുന്നത്. കാന്തന്‍ സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഷെരീഫ് ഈസയുമായി മുഖാമുഖം നടക്കും.

 

Advertisement