ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു

280

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജൈവവൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ രണ്ട് ദിവസം നീണ്ടുനീന്ന ഒരു പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായും ലാഭേച്ഛയില്ലാത്തതും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഫ്രണ്ട്‌സ് ഓഫ് നേച്ചറിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ.ജി. അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ നിയമവശങ്ങളെക്കുറിച്ചും അതില്‍ ബോര്‍ഡിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം വ്യക്തമായി പ്രതിപാദിച്ചു. ഫ്രണ്ട്‌സ് ഓഫ് നേച്ചറിന്റെ ചെയര്‍മാന്‍ ഒ.ഹമീദ് അലി, സെക്രട്ടറി റഫീഖ് ബാബു, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മിനി ആന്റോ, കേരള വന ഗവേഷണ കേന്ദ്രത്തിലെ പ്രോജക്ട് ഫെലോ കെ.സി. സൗമ്യ എന്നിവര്‍ ക്ലാസെടുത്തു. ഇവരുടെ നേതൃത്വത്തില്‍ ക്യാമ്പസിനുളളില്‍ ചിലന്തി നിരീക്ഷണവും പക്ഷി നിരീക്ഷണവും നടത്തി. ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എന്‍.ജെ. മജ്ഞു, ജൈവവൈവിധ്യ ക്ലബിന്റെ കോര്‍ഡിനേറ്ററും, ബോട്ടണി വിഭാഗം മേധാവിയുമായ ഡോ. ടെസി പോള്‍ പി., വൈസ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോയ് പി.ടി., ജന്തു ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബിജോയ് സി. എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജിലെ വിവിധ വകുപ്പുകളില്‍നിന്നുളള അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

Advertisement