ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ പ്രവേശനം തടയുന്നതിനായുള്ള കണ്ടുപിടിത്തവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

417
Advertisement

ഇരിങ്ങാലക്കുട-വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ജനവാസ മേഖലകളില്‍ പലപ്പോഴും ഭീതിതമായ ഒരനുഭവമാണ് ആനകളുടെ സാന്നിധ്യം. ഗ്രാമവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന കാട്ടാനക്കൂട്ടങ്ങളെ പടക്കം പൊട്ടിച്ചും വൈദ്യുത വേലി തീര്‍ത്തുമൊക്കെയാണ് ഇവിടത്തുകാര്‍ പ്രതിരോധിക്കുന്നത്. ഈ സംവിധാനങ്ങളില്‍ പലതും ആനകളുടെ ആരോഗ്യത്തെയും സൈ്വര്യ വിഹാരത്തെയും പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഇലയ്ക്കും മുള്ളിനും കേടു പറ്റാത്ത രീതിയില്‍ , ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ പ്രവേശനം തടയുന്ന ഒരു സാങ്കേതിക വിദ്യയുമായി മുന്നോട്ടു വന്നിരിക്കുകയാണ് , ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംങ്ങിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ആനകളുടെ സംവേദന ആവൃത്തിയിലുള്ള സെന്‍സറുകള്‍ ഉപയോഗിച്ച് കിലോമീറ്ററുകള്‍ക്കപ്പുറമുള് ആനകളുടെ സാന്നിധ്യം ഇവര്‍ മനസ്സിലാക്കുന്നു. ആനകള്‍ക്ക് അപ്രിയമായ അള്‍ട്രാസൗണ്ട് വികിരണങ്ങള്‍ പ്രവഹിപ്പിച്ചു കൊണ്ട് ജനവാസ മേഖലയിലേക്കുള്ള ഇവയുടെ പ്രവേശനം തടയാനും വിദ്യാര്‍ത്ഥികളുടെ ഈ കണ്ടുപിടുത്തത്തിന് സാധിക്കുന്നു. ഇന്‍ഫ്രാ സോണിക് വികിരണങ്ങളെ ആസ്പദമാക്കിയിട്ടുള്ള സെന്‍സ്സിങ്ങ് സിസ്റ്റം , അടുത്തുള്ള അധികൃതരെ ആനയുടെ സാന്നിധ്യം അറിയിക്കാനുള്ള മൊബൈല്‍ കണക്ടിവിറ്റയോടു കൂടെയുള്ളതാണ്. കഴിഞ്ഞ ദിവസം എറണാകുളം ഫിസാറ്റ് എഞ്ചിനീയറിംങ്ങ് കോളേജില്‍ വച്ചു നടന്ന ഇന്നോവേഷന്‍ ചലഞ്ചില്‍ 1.5 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ഈ പ്രൊജക്ട് വികസിപ്പിച്ചെടുത്തത് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികളായ അള്‍ഡ്രിനോ ബാബു , കൃഷ്ണപ്രിയ കെ.പി, മനു കൃഷ്ണ കെ , പീറ്റര്‍ കാറ്റ് ലിന്‍ സേവ്യേര്‍, റോസ് എ.വി ,ശിവ ആര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം അധ്യാപകനായ ശ്രീ രാഹുല്‍ മനോഹര്‍ ഒ ആയിരുന്നു ഈ പ്രൊജക്ടിനു നേതൃത്വം നല്‍കിയത്. ഫിസാറ്റ് എഞ്ചിനീയറിംങ്ങ് കോളേജില്‍ നടന്നു വന്ന ദേശിയ ശാസ്ത്ര ശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ ആദരണീയനായ കേരള ഗവര്‍ണര്‍ ശ്രീ. പി സദാശിവം കുട്ടികള്‍ക്ക് സമ്മാനത്തുകയും പ്രശസ്തി പത്രവും കൈമാറി.

 

 

Advertisement