ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രഭരണം വീണ്ടും കൂടല്‍മാണിക്യം ദേവസ്വത്തിന്

369

ഇരിങ്ങാലക്കുട-. ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രഭരണം വീണ്ടും കൂടല്‍മാണിക്യം ദേവസത്തിന്. ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന് അനുകൂലമായ കോടതി വിധിയെ തുടര്‍ന്ന് ട്രസ്റ്റ് പിരിച്ചുവിടുകയും ക്ഷേത്ര ഉരുപ്പടികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കു കൈമാറിയെന്നും കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ദേവസ്വത്തിന്റെ വസ്തു വകകള്‍ ആര്‍ക്കും കൈവശം വയക്കാന്‍ ദേവസ്വം സമ്മതിക്കില്ലെന്നും കയ്യേറിയ സ്ഥലങ്ങളൊക്കെ തിരിച്ചു പിടിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.ആലുവയ്ക്കടുത്ത് ഉളിയന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഉളിയന്നൂര്‍ മഹാദേവക്ഷേത്രം.
കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, കമ്മിറ്റി മെമ്പര്‍മാരായ ഭരതന്‍ കണ്ടെങ്കാട്ടില്‍, എ വി ഷൈന്‍, കെ .കെ പ്രേമരാജന്‍, അഡ്വ . രാജേഷ് തമ്പാന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ എ .എം സുമ എന്നിവര്‍ സന്നിഹിതരായിരുന്നു.ആലുവ നഗരത്തിൽ നിന്ന് രണ്ടു കിലോ മീറ്ററോളം പടിഞ്ഞാറു മാറി, ഏഴ് ഏക്കറോളം വിസ്തൃതിയുള്ള ഭൂമിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രം സാക്ഷാൽ പെരുന്തച്ചനാൽ നിർമ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. നിർമ്മാണ വിസ്മയം മൂലം സംരക്ഷിക്കപ്പെടേണ്ട അപൂർവ്വം പൈതൃക സ്മാരകങ്ങളിൽ ഉളിയന്നൂർ മഹാദേവക്ഷേത്രത്തേയും നമ്മുടെ പുരാവസ്തു ഗവേഷണ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
അവിടെയുള്ള ഒരു സ്വകാര്യ ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ നടത്തിപ്പോന്നിരുന്നത്. 2013ലാണ് ഇതിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായും വിട്ടു കിട്ടുന്നതിനു വേണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇതിനിടയിൽ നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിനു വേണ്ടി ഇ വര്ഷം തന്നെ അഞ്ചു തവണ പൊതുയോഗങ്ങൾ കൂടുകയുണ്ടായി.
ഇപ്പോൾ പ്രസ്തുത കേസിന്റെ വിധി വന്നതിനെ തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകളും, വിലപിടിപ്പുള്ള ആഭരണങ്ങളടക്കം എല്ലാവിധ സ്ഥാവരജംഗമ സ്വത്തുക്കളും ട്രസ്റ്റ് ഭാരവാഹികൾ കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി.
ഇതേക്കുറിച്ച് വിശദീകരിക്കുന്നതിനായി നാട്ടുകാരുടേയും, ഭക്തജനങ്ങളുടേയും ഒരു പൊതുയോഗം ഈ വരുന്ന ഒക്ടോബർ 7 ന് ക്ഷേത്രാങ്കണത്തിൽ കൂടുന്നതാണ്. തൽക്കാലം കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്നുള്ള രണ്ടു ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉളിയന്നൂർ ക്ഷേത്രത്തിലേയ്ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

Advertisement