ഓണ്‍ ലൈന്‍ തട്ടിപ്പു നടത്തുന്ന സിനിമാ സംഗീത സംവിധായകനും സുഹൃത്തും ഇരിങ്ങാലക്കുടയില്‍ പിടിയില്‍.

2821

ഇരിങ്ങാലക്കുട : കോണത്തുകുന്നു സ്വദേശി ശ്യാം സുനില്‍ എന്നയാളുടെ പക്കല്‍ നിന്നും 25000 രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ തട്ടിയെടുത്ത കേസില്‍ പെരിങ്ങോട്ടുകര പനോലി വീട്ടില്‍ ഷിനു (36) ഏങ്ങണ്ടിയൂര്‍ പുതുവട പറമ്പില്‍ സജീവ് നവകം (45) എന്നിവരെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറും സംഘവും മൂന്നുപിടിക കാളമുറിയില്‍ നിന്നും അറസ്റ്റു ചെയ്തു.കോണത്തുകുന്ന് സ്വദേശിയായ യുവാവ് OLX വഴി വില്പനക്ക് വേണ്ടി പരസ്യം ചെയ്തിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഈ മാസം 14-ാം തിയതി തന്ത്രപൂര്‍വ്വം കൈക്കലാക്കി മൂങ്ങിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്യേഷണത്തില്‍ സമാനമായ രീതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ഹൈടെക്ക് സംഘം തട്ടിപ്പു നടത്തി വരുന്നതായി പോലീസിന് വിവരം ലഭിച്ചു.പ്രതികളെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്‌ന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സൈബര്‍ വിദഗ്ദ്ധരുടെ പ്രത്യേക അന്യേഷണ സംഘമാണ് ഹൈടെക്ക് തട്ടിപ്പുകാരെ തന്ത്രപൂര്‍വ്വം വലയിലാക്കിയത്.Olx, quikr തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് പ്രതികള്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കിയ പോലീസ് അതേ മാര്‍ഗ്ഗം തന്നെയാണ് അന്വേഷണത്തിനായി തിരഞ്ഞെടുത്തത്.മൂന്നുപീടിക കാള മുറിയിലെ ഒരു വ്യവസായിയെ ബാംഗ്ലൂര്‍ നിന്നും ഇലക്ട്രോണിക് ഷോപ്പ് വാങ്ങി തരാം എന്നും പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.പിടിയിലായ ഒന്നാംപ്രതി ഷിനു ,അന്തിക്കാട് മണ്ണുത്തി തൃശ്ശൂര്‍ തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ മുന്‍പ് തട്ടിപ്പുകേസുകളില്‍ ഉള്ളയാളാണ്. രണ്ടാംപ്രതി സജീവ് സിനിമാ ഗാന രചയിതാവും സിനിമാ സംഗീതസംവിധായകനുമാണ് ഇരുപതോളം മലയാള സിനിമകളില്‍ ഗാനരചന നിര്‍വഹിച്ച ആളാണ് സജീവ്. സിനിമാ ഗാന രചന രംഗത്തുനിന്നും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതില്‍ കൊല്ലം-ആലപ്പുഴ ഏറ്റുമാനൂര്‍ എറണാകുളം ഹില്‍പാലസ് അങ്കമാലി കാലടി പെരുമ്പാവൂര്‍ കൊടുങ്ങല്ലൂര്‍ ചിറ്റിലപ്പള്ളി ഗുരുവായൂര്‍ മണ്ണുത്തി ഒല്ലൂര്‍ ആലത്തൂര്‍ പെരിന്തല്‍മണ്ണ മലപ്പുറം കോഴിക്കോട് പേരാമ്പ്ര വയനാട് സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസിനോടു പ്രതികള്‍ പറഞ്ഞു. olX quikr തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളില്‍ വില്‍പ്പനയ്ക്കായി വയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ലാപ്‌ടോപ്പുകള്‍ ഡിജിറ്റല്‍ ക്യാമറകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണ തട്ടിയെടുത്തതായി സംസ്ഥാനത്തിന് പലഭാഗത്തുനിന്നും ഇരിങ്ങാലക്കുട പോലീസിനെ പരാതികള്‍ ലഭിച്ചു വരുന്നുണ്ട്.തട്ടിപ്പിലൂടെ പണം സംഭരിച്ച് സംഗീത ആല്‍ബം നിര്‍മ്മിക്കാനായിരുന്നു പ്രതികളുടെ ശ്രമം ആഡംബര ജീവിതം ആയിരുന്നു പ്രതികള്‍ നയിച്ചിരുന്നത്.പ്രതികളില്‍ നിന്നും ആഡംബരക്കാറും തട്ടിപ്പു നടത്തി ലഭിച്ച നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്, കോയമ്പത്തൂരിലും ‘ ബാംഗ്ലൂരിലുമാണ് പ്രതികള്‍ ഉപകരണങ്ങള്‍ വിറ്റഴിച്ചിരുന്നത്.സമാനമായ രീതിയില്‍ തട്ടിപ്പിനിരയായവര്‍ എത്രയും പെട്ടെന്ന് ഇരിങ്ങാലകുട പോലീസിനെ അറിയിക്കേണ്ടതാണ്.പ്രത്യേക അന്വേഷണസംഘത്തില്‍ എസ്‌ഐമാരായ കെ എസ് സുശാന്ത്,അനൂപ് പി ജി, തോമസ് വടക്കന്‍, സൈബര്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മുരുകേഷ് കടവത്ത്, എ കെ മനോജ്, അനൂപ് ലാലന്‍, സുനില്‍ ടി എസ്. ഡെന്നിസ് സി എ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Advertisement