കര്‍ക്കിടകമാസത്തിലെ നാലമ്പല തീര്‍ത്ഥാടനത്തിന് തുടക്കമായി.

1232

ഇരിങ്ങാലക്കുട: കര്‍ക്കിടകമാസത്തിലെ നാലമ്പല തീര്‍ത്ഥാടനത്തിന് തുടക്കമായി. ത്യപ്രയാറില്‍ ശ്രീരാമന്‍, ഇരിങ്ങാലക്കുടയില്‍ ഭരതന്‍, മൂഴിക്കുളത്ത് ലക്ഷ്മണന്‍, പായമ്മല്‍ ശത്രുഘ്‌നന്‍ എന്നി ക്ഷേത്രങ്ങള്‍ ഉള്‍കൊള്ളിച്ചാണ് നാലമ്പല തീര്‍ത്ഥാടനം. ഇരിങ്ങാലക്കുടയില്‍ ഏഴുകിലോമിറ്റര്‍ വ്യത്യാസത്തിലാണ് ഭരതക്ഷേത്രവും ശത്രുഘ്‌നസ്വാമി ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. നാലമ്പലദര്‍ശനത്തിനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിനായി കൂടല്‍മാണിക്യം ക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്‌നക്ഷേത്രത്തിലും വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.സദ്ഗുണങ്ങളുടേയും സാഹോദര്യത്തിന്റേയും മൂര്‍ത്തിമദ്ഭാവമായ ദാശരഥികളുടെ ക്ഷേത്രങ്ങള്‍ ക്രമപ്രകാരം ഒരുദിവസം ദര്‍ശിക്കുന്നത് സര്‍വ്വാഭിഷ്ടസിദ്ധിപ്രദമാണെന്നാണ് വിശ്വാസം. നാലമ്പല തീര്‍ത്ഥാടനം പ്രസിദ്ധമാകുന്നതും ഇക്കാര്യത്തിലാണ്. ത്യശ്ശൂര്‍ ജില്ലയിലെ രാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌നക്ഷേത്രങ്ങള്‍ ഖ്യാതിനേടുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തിലെ പ്രതിഷ്ഠാമൂര്‍ത്തി മഹാവിഷ്ണുവിന്റെ അംശാവതാരവും വനവാസം കഴിഞ്ഞ് ശ്രീരാമന്‍ വരുന്നതും കാത്ത് കഴിയുന്ന ശ്രീരാമസോദരനായ ഭരതനാണ്. ഐതിഹ്യപ്രകാരം വിഷ്ണുവിന്റെ ത്യക്കയ്യിലെ ശംഖിന്റെ അവതാരമാണ് ഭരതന്‍. പ്രതിഷ്ഠ ഭരതനാണെങ്കിലും പൂജ വൈഷ്ണവമാണ്. ഉപദേവപ്രതിഷ്ഠകളില്ലാത്ത ക്ഷേത്രമാണ് കൂടല്‍മാണിക്യം. എങ്കിലും വാതില്‍മാടത്തില്‍ തെക്കും വടക്കും ഓരോ തൂണുകളില്‍ ദുര്‍ഗ്ഗയുടേയും ഭദ്രകാളിയുടേയും സങ്കല്‍പ്പമുണ്ട്. ഇതിനുപുറമെ തിടപ്പിള്ളിയില്‍ ഹനുമാന്‍ സ്വാമിയുടേയും സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. നാലമ്പലദര്‍ശനത്തിനായി കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് തിക്കും തിരക്കും കൂടാതെ ഭഗവാനെ തൊഴാന്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മഴയും വെയിലും കൊള്ളാതെ തൊഴാനുള്ള സൗകര്യത്തിന് ചുറ്റിലും പന്തലും ഉണ്ട്. കിഴക്കെ നടയിലൂടെ അകത്തേയ്ക്ക് കടന്ന് ദര്‍ശനം നടത്തിയശേഷം പടിഞ്ഞാറെ നടയിലൂടെ പുറത്തേയ്ക്ക് ഇറങ്ങും. പിന്നെ കുലീപിനി തീര്‍ത്ഥകുളം വലംവെച്ചശേഷം കിഴക്കേ നടയിലെത്തും. കിഴക്കെ നടയിലാണ് പ്രസാദവിതരണം നടക്കുക. ഭക്തജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശ്രീരാമസഹോദരന്‍മാരില്‍ ഏറ്റവും ഇളയവനായ ശത്രുഘ്‌നന്‍ കുടികൊള്ളുന്നത് ഇരിങ്ങാലക്കുടയില്‍ നിന്നും ഏഴുകിലോമിറ്റര്‍ മാത്രം ദൂരെ തെക്കുഭാഗത്തായി പൂമംഗലം പഞ്ചായത്തിലെ പായമ്മലിലാണ്. മഹാവിഷ്ണുവിന് അലങ്കാരവും അതേസമയം ആയുധമായ ത്യക്കയ്യിലെ സുദര്‍ശനചക്രത്തിന്റെ പ്രതീകമാണ് ശത്രുഘ്‌നന്‍ എന്നാണ് വിശ്വാസം. ലവണാസുരവധത്തിന് ഉദ്യുക്തനായി അല്‍പ്പം ക്രോധത്തോടുകൂടിയ ശത്രുഘ്‌നനാണ് ഇവിടത്തെ പ്രതിഷ്ഠ. മറ്റ്മൂന്ന് ദാശരഥികളിക്ഷേത്രങ്ങളും വ്യത്താക്യതിയിലാണെങ്കില്‍ ശത്രുഘ്‌നക്ഷേത്രം ചതുരാക്യതിയിലാണ് സ്ഥിതിചെയ്യുന്നത്. അതുപോലെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിലേയും വിഗ്രഹങ്ങള്‍ ഉയരമുള്ളതാണെങ്കില്‍ ശത്രുഘ്‌നക്ഷേത്രത്തിലെ വിഗ്രഹം വളരെ ഉയരം കുറഞ്ഞതാണ്. ഉപദേവനായ ഗണപതിയുടെ പ്രതിഷ്ഠ ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശിലയിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടത്തെ ഗണപതിഹോമം വഴിപാട് ഏറെ പ്രസിദ്ധമാണ്.
മഴനനയാതെ അയ്യായിരം പേര്‍ക്ക് തൊഴാനുള്ള പന്തലും അത്രയും പേര്‍ക്ക് അന്നദാനത്തിനുമായി ക്യൂ നില്‍ക്കാനുമുള്ള പന്തലും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിക്കും തിരക്കും ഒഴിവാക്കാന്‍ മുളകെട്ടി തിരിച്ചിട്ടുണ്ട്. ഇവിടേയും കിഴക്കെ നടയിലൂടെയാണ് പ്രവേശനം. വടക്കുവശത്തെ പന്തലിലാണ് പ്രസാദഊട്ട്. ദിവസവും അയ്യായിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 10,000ത്തോളം പേര്‍ക്കും ഇവിടെനിന്നും പ്രസാദ ഊട്ട് നല്‍കും. ടോയ്‌ലെറ്റ് സൗകര്യം, 24 മണിക്കൂറും ഭക്തജനങ്ങള്‍ക്ക് ചൂടുവെള്ളം നല്‍കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിങ്ങിനും വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബസ്സുകള്‍, കാറുകള്‍, ടൂവീലറുകള്‍ എന്നിവ പാര്‍ക്കുചെയ്യുന്നതിന് പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ ക്രമീകരിച്ചീട്ടുണ്ട്. ഭക്തജനങ്ങള്‍ക്കായി വളണ്ടിയര്‍മാരുടെ സഹായവും ലഭിക്കും. മോഷണം തടയാന്‍ ക്ലോസ് സര്‍ക്യൂട്ട് ക്യാമറകള്‍, പോലിസ്, ആരോഗ്യവിഭാഗം എന്നിവരുടെ സേവനവും ഇവിടെയൊരുക്കിയിട്ടുണ്ട്.
കൂടല്‍മാണിക്യം ദര്‍ശനസമയം
കര്‍ക്കിടകമാസത്തോടനുബന്ധിച്ച് പുലര്‍ച്ചെ 3ന് ക്ഷേത്രം നടതുറക്കും. 7.20ന് എതിര്‍ത്ത് പൂജയ്ക്ക് നടയടച്ചശേഷം 8.20ന് തുറക്കും. ഉച്ചപൂജയ്ക്ക് വീണ്ടും 11ന് അടച്ചശേഷം 11.30ന് നടതുറക്കും. തിരക്കനുസരിച്ച് എല്ലാ ഭക്തജനങ്ങളും തൊഴുതതിനുശേഷം മാത്രമെ പിന്നീട് നടയടയ്ക്കു. വൈകീട്ട് 5ന് നടതുറക്കും. 8.15ന് നടയടയ്ക്കും.
കൂടല്‍മാണിക്യം പ്രധാന വഴിപാടുകള്‍
ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ വഴിപാടുകളില്‍ ഏറ്റവും പ്രാധാന്യം താമരമാലയ്ക്കാണ്. താമരപൂവ്, നെയ് വിളക്ക്, പുഷ്പാജ്ഞലികള്‍, മീനൂട്ട്, പറ മുതലായ വഴിപാടുകളും നെയ്പായസം, വഴുതനങ്ങ, അവില്‍, തട്ടുനേദ്യം മുതലായ നിവേദ്യങ്ങളും ഇവിടെ പ്രധാനപ്പെട്ടതാണ്.
പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രത്തിലെ ദര്‍ശനസമയം
പുലര്‍ച്ചെ 5.30 ന് നടതുറക്കും. ഉച്ചയ്ക്ക് 2ന് നടയടയ്ക്കും. വൈകീട്ട് 4.30ന് നടതുറന്നാല്‍ 9ന് നടയടയ്ക്കും. തിരക്കനുസരിച്ച് ഉച്ചയ്ക്കും വൈകീട്ടും ഭക്തജനങ്ങള്‍ തൊഴുതതിനുശേഷം മാത്രമെ നടയടയ്ക്കു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2ന് അടച്ചാലും 2.30ന് വീണ്ടും നടതുറക്കും. പിന്നിട് 9.30ഓടെ മാത്രമെ നടയടയ്ക്കു. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ഉച്ചയ്ക്ക് പ്രസാദഊട്ട് നല്‍കും.
പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
ശത്രുദോഷ നിവാരണത്തിനും സമ്പദ് സമ്യദ്ധിക്കുമായി നടത്തുന്ന സുദര്‍ശനപുഷ്പാഞ്ജലിയാണ് ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാട്, സിദ്ധിചെയ്ത സുദര്‍ശന ചക്രം നടയ്ക്കല്‍ സമര്‍പ്പിക്കല്‍, ചന്ദനം ചാര്‍ത്തല്‍, ശംഖാഭിഷേകം, അവില്‍ നിവേദ്യം, ഗണപതിഹോമം.
യാത്ര.
നാലമ്പലദര്‍ശനം ത്യപ്രയാറില്‍ നിന്നാരംഭിച്ച് പായമ്മല്‍ ക്ഷേത്രത്തില്‍ അവസാനിക്കുകയാണ് പതിവ്. ത്യപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നും 14 കി.മീറ്റര്‍ ദൂരത്താണ് ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ക്ഷേത്രം. അവിടെനിന്നും മൂഴിക്കുളം ലക്ഷ്മണക്ഷേത്രത്തിലേയ്ക്ക് 30 കിലോ മീറ്റര്‍ ദൂരമുണ്ട്. തിരിച്ച് പായമ്മലിലേയ്ക്ക് അത്രതന്നെ. അവിടെനിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് ഏഴ് കിലോമിറ്ററുമാണ് ദൂരം.

തൃപ്രയാര്‍ ക്ഷേത്രത്തിലെ ഫോണ്‍: 0487 2391375 . കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഫോണ്‍: 0480 2826631.
മൂഴിക്കുളം ക്ഷേത്രത്തിലെ ഫോണ്‍: 0484 2470374
പായമ്മല്‍ ക്ഷേത്രത്തിലെ ഫോണ്‍: 0480 3291396.

 

Advertisement