ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടികൂടി

8468

ഇരിങ്ങാലക്കുട : മത്സ്യം അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച മത്സ്യമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയില്‍ ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ ചെമ്മീന്‍ പിടികൂടി.ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനയിലാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന നാല് കിലോ ചെമ്മിനില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയത്.ലാബുകളിലും മറ്റും മൃതശരീരം അഴുകാതിരിക്കുവാന്‍ ഇട്ട് വെയ്ക്കുന്ന ലായിനിയാണ് ഫോര്‍മാലിന്‍.മനുഷ്യശരിരത്തില്‍ എത്തിയാല്‍ കുടലിലും ആമാശയത്തിലും വലിയ അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നു.പരിശോധനയില്‍ പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നിന്നും ഇത്തരത്തില്‍ മത്സ്യം പിടിച്ചിരുന്നു.ഫുഡ് സേഫ്റ്റി അസി.കമ്മിഷണര്‍ വി ജയശ്രീയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിവിധ താലൂക്കുകളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ പി വി ഉദയശങ്കര്‍,വി കെ പ്രദീപ് കുമാര്‍,അനിലന്‍ കെ കെ എന്നിവരാണ് ഉണ്ടായിരുന്നത്.ജില്ലയിലെ ഐസ് ഫാക്ടറികളിലും സംഘം പരിശോധന നടത്തുന്നുണ്ട്.

Advertisement