വിഷന്‍ ഇരിങ്ങാലക്കുടയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് ഒരു ചുവട് കൂടി : ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28ന്

1839
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എന്ന ജില്ലാ രൂപികരണത്തിന് ഇതി അധികം കാലതാമസമില്ലാതാക്കുന്ന നിര്‍ദ്ദിഷ്ഠ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28 ന് നടക്കുമ്പോള്‍ ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ഒരു ആര്‍ ഡി ഓ ലഭിയ്ക്കും എന്നത് മാത്രമല്ല ഇരിങ്ങാലക്കുട ജില്ലയായി മാറുന്നതിന്റെ ഒരു ചുവട് വെയ്പ്പ് കൂടിയാണ്.മുകുന്ദപുരം,ചാലക്കുടി,കൊടുങ്ങല്ലൂര്‍ എന്നി താലൂക്കുകളെ ഒന്നിപ്പിച്ച് ഇരിങ്ങാലക്കുട ആസ്ഥാനമാക്കി ജില്ല രൂപികരിക്കണമെന്ന എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്.2020 ല്‍ ഇരിങ്ങാലക്കുട എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് ഒരു വികസന രൂപരേഖ രൂപപെടുത്തുന്നതിനായി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ 2010 ല്‍ സംഘടിപ്പിച്ച വികസന ശില്‍പശാല മുന്നോട്ട് വച്ച 60 ഇന നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു ജില്ല രൂപികരിക്കുന്നതിന് മുന്നോടിയായി റവന്യൂ ഡിവിഷന്‍ അനുവദിക്കണമെന്നത്.അഡിഷണല്‍ ജില്ലാകോടതിയും ഫാമിലി കോടതിയുമുള്‍പ്പടെ പതിനൊന്ന് കോടതികളുള്‍പ്പെടുന്ന ജൂഡീഷ്യല്‍ സംവിധാനവും അസിസറ്റന്റ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള പോലീസ് സംവിധാനങ്ങളും ജില്ലാ റൂറല്‍ വനിതാപോലീസ് സേനയും,പോലീസ് ശ്വാന സേനയും ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ജില്ലാ പദവിയുടെ വക്കോളമെത്തിയ ഓഫീസ് സംവിധാനങ്ങളും നിലവില്‍ ഇരിങ്ങാലക്കുടയിലാണ്.ജില്ലാ റൂറല്‍ ട്രഷറി,താലൂക്ക് ജനറല്‍ ആശുപത്രി എന്നിവ ഇതിലുള്‍പ്പെടും.സ്പെഷ്യല്‍ സബ് ജയില്‍ നിര്‍മ്മാണം നടന്നുവരുന്നുണ്ട്.ജില്ലാ ആസ്ഥാനത്തിനായി പരിഗണിക്കപ്പെട്ടിരുന്ന ഇരിങ്ങാലക്കുട സമീപകാലത്തായി ഇരിങ്ങാലക്കുട ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.പുതുതായി ജില്ലാ ഓഫിസുകള്‍ ആരംഭിക്കാനായി സ്ഥലസൗകര്യമന്വേഷിക്കേണ്ട പരിമിതിയും ഇരിങ്ങാലക്കുടക്കില്ല.സിവില്‍സ്റ്റേഷന്‍ കോംപൗണ്ടില്‍ ഏക്കര്‍കണക്കിന് വസ്തു ഇനിയും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്.റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയിലെന്ന മന്ത്രിസഭാതീരുമാനം വന്നതോടെ ജനജീവിതത്തെ ഇത്രമേല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു സര്‍ക്കാര്‍ ഓഫീസ് എന്നനിലയില്‍ പല പ്രയോജനങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്കു വേഗത്തില്‍ ലഭ്യമാകും. മേല്‍ പറഞ്ഞ താലൂക്ക് പരിധിയിലെ റവന്യുഫയലുകള്‍ ഇരിങ്ങാലക്കുട ഓഫീസിന് കൈമാറും. ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ ആര്‍.ഡി.ഒ ഓഫീസിന് ഇത് ആശ്വാസം പകരും. അതോടൊപ്പം കെട്ടിക്കിടക്കുന്ന ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. ഡെപ്പ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആര്‍.ഡി.ഒ ആയി നിയമിക്കപ്പെടും.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അധികാരങ്ങളും ആര്‍.ഡി.ഒ യ്ക്കുണ്ട്.ആര്‍.ഡി.ഒ യക്കുപുറമേ 24 തസ്തികകളും ഈ ഓഫീസിനായി സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് റവന്യു ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരുടെ തസ്തികകള്‍ ഈ ഓഫീസിലുണ്ടാക്കും.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായതിനാല്‍ ക്രിമിനല്‍ ജസ്റ്റീസ് അപേക്ഷകളില്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാനാകും. അതിര്‍ത്തി തര്‍ക്കം, പൊതുവഴി തടസ്സപ്പെടുത്തല്‍, കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവ മുഖേന ജീവനോ സ്വത്തിനോ ഭീഷണി നേരിടല്‍, വെള്ളമെടുക്കുന്നതിന് തടസ്സമുണ്ടാക്കല്‍ മുതലായവയിലെ സങ്കീര്‍ണ്ണമായ കേസുകളില്‍ ആര്‍.ഡി.ഒ തീരുമാനമെടുക്കും. പരിഹരിക്കപ്പെടാത്ത കേസുകളില്‍ ബലപ്രയോഗത്തിലൂടെ തീരുമാനം നടപ്പിലാക്കാന്‍ ആര്‍.ഡി.ഒ ക്ക് സാധിക്കും. മറ്റു ഭൂമിയില്ലാത്തവര്‍ക്ക് നിലമായിട്ടുള്ള സ്ഥലത്ത് വീടുവെക്കാന്‍ അനുമതി നല്‍കുന്ന ജില്ലാ അധികൃത സമിതി ചെയര്‍മാനും ആര്‍.ഡി.ഒ യാണ്. ഇത്തരം അപേക്ഷകളിലെ കാലതാമസം കുറക്കാന്‍ പുതിയ ഡിവിഷന്‍ രൂപീകരണത്തിലൂടെ സാധിക്കും. ഭൂവിനിയോഗനിയമം ( കെ.എല്‍.യു ) ഉത്തരവിലൂടെ റവന്യൂരേഖകളിലെ നിലമായ പ്രദേശങ്ങള്‍ 2008 നു മുന്‍പ് നികത്തപ്പെട്ടതാണെങ്കില്‍ ക്രമീകരണ ഉത്തരവ് ലഭിക്കാനായി അപേക്ഷ സമര്‍പ്പിക്കേണ്ടതും ആര്‍.ഡി.ഒ മുമ്പാകെയാണ്.റവന്യു കെട്ടിട നകുതിയുടെയും ആഡംബര നികുതിയുടെയും നിര്‍ണ്ണയത്തിലെ അപ്പീല്‍ പരിശോധിക്കുന്നത് ആര്‍.ഡി.ഒ യാണ്. പൊതുനിരത്തുകളിലും വഴികളിലുമുള്ള അനധികൃത പ്രവേശങ്ങള്‍ മറ്റ് ഏജന്‍സുയുണ്ടോയെന്ന് നോക്കാതെതന്നെ ഒഴിപ്പിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ ആര്‍.ഡി.ഒ വിന് അധികാരമുണ്ട്. ഭൂവുടമകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രതിഫലം കൂടാതെ സര്‍ക്കാരിന്റെ പേര്‍ക്ക് വിട്ടൊഴിയുന്ന ( ലാന്റ് റിലിങ്ക്വിഷ്മെന്റ് ) ഭൂമി സര്‍ക്കാരിന്റെ പേരില്‍ പുറമ്പോക്കാക്കികൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ആര്‍.ഡി.ഒ യാണ്. ഭൂമി വിട്ടൊഴിയല്‍ നടപടി ക്രമങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാനാകാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുനിര്‍മ്മാണമുള്‍പ്പടെയുള്ള നിരവധി വികസനപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയുണ്ട്. പുതിയ റവന്യു ഡിവിഷന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരുമെന്ന് കരുതപ്പെടുന്നു.വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെയും അനന്തരാവകാശികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ അധികാരമുള്ള ട്രൈബ്യുണല്‍ അദ്ധ്യക്ഷന്‍ റവന്യു ഡിവിഷണല്‍ ഓഫീസറാണ്. അവശതയനുഭവിക്കുന്ന വൃദ്ധ ജനങ്ങള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും നീതിലഭിക്കുന്നില്ലെന്ന പരാതികള്‍ ജില്ലയിലേറെയുണ്ട്. കേസുകളുടെ ബാഹുല്ല്യം ചിലപ്പോഴെങ്കിലും നീതി വൈകിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വൃദ്ധ ജനങ്ങളുടെ പരാതി പരിഹാരം വേഗത്തിലാക്കാന്‍ പുതിയ ട്രൈബ്യൂണലിലൂടെ സാധിക്കും. ജനനമരണങ്ങള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യുന്നത് വിട്ടുപോയതായി പരാതിയുണ്ടെങ്കില്‍ ആയതിനു നിവൃത്തിതേടി സമീപിക്കേണ്ടതും റവന്യു ഡിവിഷണല്‍ ആഫീസറെയാണ്.അനധികൃതഭൂമി പരിവര്‍ത്തനത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് ആര്‍.ഡി.ഒ യാണ്. അനധികൃത നിലം നികത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഓഫീസിന് സാധിക്കും.ഭൂമിയുടെ ന്യായവില സംബന്ധമായ പരാതികള്‍ പരിഹരിക്കേണ്ടതിനായി തൃശൂര്‍ ആര്‍ ഡി ഒ യെ സമീപിക്കേണ്ട ബൂദ്ധിമുട്ടുകളും ഇനി പഴങ്കഥയാകും.

 

 

Advertisement