ഭക്തിസന്ദ്രമായി കൊടിപ്പുറത്ത് വിളക്ക് : സംഗമേശ്വ തിടമ്പേന്തി മേഘാര്‍ജ്ജുനന്‍

648
Advertisement

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യ ക്ഷേത്രഉത്സവത്തില്‍ ശ്രീ കോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഭക്തിസന്ദ്രമായി. ശനിയാഴ്ച രാവിലെ മണ്ഡപനമസ്‌ക്കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശ-കര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ നടന്നു. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ദേവനെ ശ്രീകോവിലില്‍ നിന്നും പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാത്യക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തി. ഈ സമയത്ത് ഭക്തജനങ്ങള്‍ക്ക് ഭഗവാനെ വണങ്ങാന്‍ അവസരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഭഗവത് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് പുറത്തേയ്ക്ക് വന്ന് സ്വന്തം ആനയായ മേഘാര്‍ജ്ജുനന്റെ പുറത്തേറ്റി എഴുന്നള്ളിച്ചു. രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കി. അഞ്ചാം പ്രദക്ഷിണത്തില്‍ വിളക്കാചാരം ചടങ്ങ് നടക്കും. കുത്തുവിളക്കേന്തുന്നവര്‍ വിളക്ക് ദേവന് മുന്നില്‍ വയ്ക്കുകയും വാദ്യങ്ങള്‍ പ്രത്യേക താളത്തില്‍ മുഴക്കുകയും ചെയ്യുന്ന ചടങ്ങാണിത്. തുടര്‍ന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ നടപ്പുരയിലെത്തുന്നതോടെ ആദ്യ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയ്ക്ക് ശേഷം ആദ്യപഞ്ചാരിക്ക് കോലുയരും.പെരുവനം കുട്ടന്‍മാരാര്‍ മേളപ്രമാണം വഹിച്ചു. പതിനേഴ് ഗജവീരന്‍മാര്‍ വിളക്കെഴുന്നള്ളിപ്പില്‍ അണിനിരക്കും.ഞായറാഴ്ച്ച ആദ്യശീവേലി രാവിലെ 8.30 മുതല്‍ 11.30 വരെ നടക്കും.തിരുവമ്പാട് ചന്ദ്രശേഖരന്‍ തിടമ്പേറ്റും.

Advertisement