കൊലപാതകശ്രമം; പ്രതികളെ കോടതി വെറുതെ വിട്ടു

592
Advertisement

ഇരിങ്ങാലക്കുട: ഉത്സവത്തിനിടയില്‍ മുന്‍ വൈരാഗ്യം വെച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ കോടതി വെറുതെവിട്ട് ഉത്തരവായി. പൊരുന്നംകുന്നം സ്വദേശി ചെമ്പകശ്ശേരി അപ്പുകുട്ടന്റെ മകന്‍ ഹരീഷിനെ ആക്രമിച്ച കേസിലാണ് പൊരുന്നംകുന്നം സ്വദേശി നിതിന്‍, വിഷ്ണു എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് ഇരിങ്ങാലക്കുട സബ്ബ് കോടതി ഉത്തരവിട്ടത്. 2012 ഫെബ്രുവരി 15ന് രാത്രി 11മണിക്കായിരുന്നു സംഭവം. വെള്ളാംഞ്ചിറ ആണിക്കുളങ്ങര ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടികള്‍ നടക്കുന്നതിനിടയിലാണ് ഹരീഷിനെ മുന്‍ വൈരാഗ്യം മൂലം ഇരുമ്പുവടിയും കരിങ്കല്ലും ഉപയോഗിച്ച് ആക്രമിച്ച് തലക്കും കണ്ണിനും ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇതില്‍ പ്രതിചേര്‍ക്കപ്പെട്ട നിതിനും ഹരീഷും വര്‍ഷങ്ങളായി കുടുംബപരമായി മുന്‍ വൈരാഗ്യത്തിലായിരുന്നു. നിതിനും നിതിന്റെ സഹോദരി ഭര്‍ത്താവായ സുനിലും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് ഹരീഷ് പോലിസില്‍ ആദ്യം നല്‍കിയ പരാതി. അന്വേഷണത്തില്‍ അത് തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍ ഹരീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിഷ്ണുവിനെ പ്രതിചേര്‍ത്തത്. പരിക്കേറ്റ ഹരീഷ് ചാലക്കുടിയിലും അങ്കമാലിയിലും ചികിത്സതേടിയിരുന്നു. വാദി ഭാഗത്തുനിന്നും ഡോക്ടര്‍ ഉള്‍പ്പടെ 15 സാക്ഷികളെ വിസ്തരിച്ചു. സംഭവം കണ്ട സാക്ഷികളെ വിസ്തരിച്ച നാലുപേരും ഹരീഷിന്റെ കൂട്ടുകാരാണെന്ന് കോടതി കണ്ടെത്തി. അമ്പലപറമ്പില്‍ വെച്ച് നടന്ന സംഭവമായിട്ടും ഉത്സവം കാണാന്‍ വന്ന ആരേയും സാക്ഷികളാക്കിയിരുന്നില്ല. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കിയ 15 സാക്ഷികളുടെ മൊഴിയും വിശ്വസിനീയമല്ലെന്ന് കണ്ടാണ് സബ്ബ് കോടതി പ്രതികളെ വെറുതെ വിട്ടത്.

Advertisement