ഇരിങ്ങാലക്കുട: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങളുടെ നിക്ഷേപമാണ് നഗരത്തിലെ തോടുകളില്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മലിനമാക്കാം എന്ന അവസ്ഥയിലാണ് ഈ തോടുകള്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ തോടുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനോ കൊണ്ടിടുന്നത് തടയാനോ അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. സിവില്‍ സ്റ്റേഷനു സമീപത്തെ പൊതു തോട്ടിലും കല്ലേരി തോടിലും രാമന്‍ചിറ തോടിലും പെരുംതോടിലും നിറയെ മാലിന്യക്കൂമ്പാരമാണ്. മാലിന്യം തള്ളുന്നതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ് അധികൃതര്‍. വീടുകളിലും കടകളിലുമുള്ള മാലിന്യമാണ് ഇവിടെ തള്ളുന്നത്. ഈ മാലിന്യത്തില്‍നിന്നിള്ള അസഹ്യമായ ദുര്‍ഗന്ധം കാല്‍നട യാത്രക്കാരെ പോലും ദുരിതത്തിലാക്കുന്നു. പ്ലാസ്റ്റിക് കവറുകളില്‍ എത്തിക്കുന്ന മാലിന്യം ഇരുട്ടിന്റെ മറവിലാണു ഇവിടെ തള്ളുന്നത്. മാംസാവശിഷ്ടം മുതല്‍ വീടുകളിലെ പാഴ്വസ്തുക്കള്‍ വരെ ഇവയിലുണ്ട്. മാലിന്യ സംസ്‌കരണത്തിനു ലക്ഷങ്ങള്‍ ചെലവിട്ടു വിവിധ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും എക്കാലത്തെ പോലെയും മാലിന്യം നഗരസഭക്കിന്നും വെല്ലുവിളിയാണ്. തോട്ടില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ അടിഞ്ഞുകൂടി അഴുക്കുവെള്ളം കെട്ടിനിന്നു കൊതുകും കൂത്താടികളും പെറ്റുപെരുകുകയാണ് കല്ലേരി തോട്ടിലും രാമന്‍ചിറ തോട്ടിലും. നഗരസഭാ അധികാരികളും ഉദ്യോഗസ്ഥരും തൊഴിലാളികളും എന്നും കടന്നുപോവുന്ന പ്രദേശത്താണ് കണ്ടാല്‍ അറപ്പുതോന്നിക്കും വിധം അഴുക്കു ചാലിനകത്ത് മലിനജലവും പ്ലാസ്റ്റികും കെട്ടിനില്‍ക്കുന്നത്. മാലിന്യം ഒഴുകിപ്പോകാത്തതിനാല്‍ ദുര്‍ഗന്ധം വമിക്കുകയാണിവിടെ. നഗരസഭാ തൊഴിലാളികള്‍ ഇവിടെയെത്തി റോഡ് വൃത്തിയാക്കി പോകാറുണ്ടെങ്കിലും അഴുക്കുചാലില്‍ കെട്ടിനില്‍ക്കുന്ന പ്ലാസ്റ്റിക്കുകള്‍ മാറ്റാന്‍ തയാറാവാറില്ലെന്നു പരിസരവാസികള്‍ പറഞ്ഞു. ഹോട്ടലുകള്‍, ടൗണിലെ ചില കച്ചവട സ്ഥാപനങ്ങള്‍, ഏതാനും വീടുകള്‍, ജയില്‍ എന്നിവയില്‍നിന്നെല്ലാം ദ്രാവക രൂപത്തിലുള്ള ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം, കക്കൂസ് മാലിന്യം എന്നിവ തോട്ടില്‍ വ്യാപകമായി ഒഴുക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഹോട്ടലുകളില്‍നിന്നുള്ള മാലിന്യ പൈപ്പുകള്‍ പൊതു തോട്ടിലേക്ക് തുറന്നിട്ടിരിക്കുകയാണെന്നാണു ആക്ഷേപം. കഴിഞ്ഞദിവസമാണ് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍നിന്നും കക്കൂസ് മാലിന്യം പൊതു തോട്ടിലേക്കൊഴുകുന്നതു കണ്ടെത്തിയത്. ഇതു സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ഹോട്ടലുടമക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരത്തിലൂടെ ഒഴുകുന്ന തോടുകള്‍ ചെന്നെത്തുന്നത് പടിഞ്ഞാറുഭാഗത്തെ ഷണ്‍മുഖം കനാലിലേക്കാണ്. പ്ലാസ്റ്റിക് കുപ്പികളും ഉപയോഗശൂന്യമായ സിറിഞ്ചുകളും അടങ്ങിയ മാലിന്യങ്ങള്‍ മുഴുവനും തോട്ടില്‍ നിറഞ്ഞിരിക്കുകയാണ. നഗരത്തിലെ തോടുകളും ഷണ്‍മുഖം കനാലും സമീപമുള്ള കിണറുകളിലെ വെള്ളവും മലിനമായി തുടങ്ങിയിട്ടുണ്ട്. കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ടൗണിലെ ശുദ്ധജല സ്രോതസുകളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയിട്ടുണ്ടെന്നാണു ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കല്ലേരി തോടും രാമന്‍ചിറയും വൃത്തിയാക്കുന്നതിനു പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും ഒന്നുപോലും നടപ്പായില്ല. തോട്ടില്‍ മണ്ണ് നിറഞ്ഞതോടെ കുറ്റിച്ചെടികളും പുല്ലും വളര്‍ന്ന നിലയിലാണ്. വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തില്‍ ജലസ്രോതസുകളില്‍ മലിനജലം എത്തുന്നത് സാംക്രമിക രോഗങ്ങള്‍ പടരാന്‍ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നഗരവാസികള്‍.
മാലിന്യ വാഹിനികളായി ഇരിങ്ങാലക്കുട നഗരത്തിലെ തോടുകള്‍
Advertisement