ആറാട്ടുപുഴ തറയ്ക്കല്‍ പൂരം മാര്‍ച്ച് 28ന്

800
Advertisement

ആറാട്ടുപുഴ: ഭക്തിയുടേയും ആഘോഷത്തിന്റേയും സമന്വയമായ തറക്കല്‍പ്പൂരം 28നാണ്. ആറാട്ടുപുഴ ശാസ്താവ് തറയ്ക്കല്‍പ്പൂരത്തിന്‍ നാള്‍ രാവിലെ എട്ടുമണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നള്ളിച്ചെന്നാല്‍ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നില്‍ക്കുന്നു. ആ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദര്‍ശനമായി നിലപാട് നില്‍ക്കുന്നുണ്ടായിരിക്കും . ആനയോട്ടത്തിന് ശേഷം
കൊമ്പുപറ്റ് ,കുഴല്‍പ്പറ്റ് എന്നിവയ്ക്ക് ശേഷം ത്രിപടയോടുകൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലംവെച്ച് തിരിച്ചു വന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയുന്നു .
ആറാട്ടുപുഴയ്ക്ക് തിരിച്ചെഴുന്നള്ളി പുഴയ്ക്കക്കരെ കടന്ന് കിഴക്കേ മഠം, വടക്കേ മഠം,തെക്കേ മഠം, പടിഞ്ഞാറെ മഠം തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടപറകള്‍ സ്വീകരിക്കുന്നു. ഇവിടങ്ങളില്ലെല്ലാം ചാലുകീറല്‍, (കൊമ്പുകുത്ത്) ചാടിക്കൊട്ട് എന്നിവ ഉണ്ടായിരിക്കും.ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെഴുന്നള്ളിയാല്‍ താന്ത്രിക ചടങ്ങുകള്‍ ആരംഭിക്കുകയായി. വൈകീട്ട് നാലുമണിക്ക്‌ചോരഞ്ചേടത്ത് മന, കരോളില്‍ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകള്‍ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടുന്നു.തിരിച്ച് ക്ഷേത്രത്തില്‍ എത്തിക്കഴിഞ്ഞാല്‍ ശംഖുവിളി, കേളി, സസ്യവേല, അത്താഴപൂജ, എന്നിവക്കു ശേഷം തറയ്ക്കല്‍ പൂരത്തിന് ചെമ്പടയുടെ അകമ്പടിയോടെ എഴുന്നള്ളുകയായി . ക്ഷേത്രമതില്‍ക്കകത്ത് ഏകതാളം. വൈകീട്ട് 6.30ന് പുറത്തേയ്‌ക്കെഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരന്‍മാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നു. കൈപ്പന്തത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയില്‍ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പും കോലവും വര്‍ണ്ണപ്രഭചൊരിയുന്ന കാഴ്ച കണ്‍കുളിര്‍ക്കെ കണ്ട് കൈകൂപ്പാന്‍ ഭക്തജനസഹ്രസങ്ങള്‍ ക്ഷേത്രങ്കണത്തില്‍ തിങ്ങി നിറയുന്നു . 150 ല്‍പ്പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളം മാസ്മരികതയില്‍ ആസ്വദകവൃന്ദം അലയടിക്കും.തറയ്ക്കല്‍പ്പൂരത്തിനു മിഴിവേകി പടിഞ്ഞാറുനിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളുകയായി .ഊരകത്തമ്മത്തിരുവടിക്ക് മേളവും തൊട്ടിപ്പാള്‍ ഭഗവതിക്ക് പഞ്ചവാദ്യവുമാണ് അകമ്പടിയായിട്ടുണ്ടാവുക . പാണ്ടിമേളത്തിനു ശേഷം മാനത്ത് വിസ്മയങ്ങളൊരുക്കുന്ന കരിമരുന്നു പ്രയോഗം . തുടര്‍ന്നു മൂന്നു ദേവീദേവന്മാരും സംഗമിക്കും. എഴുന്നള്ളിപ്പുകള്‍ക്കു മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങിലവെച്ചത്തിശേഷം അരി നിറയ്ക്കും. തിരുമേനിമാര്‍ വട്ടമിട്ടിരിക്കും. 3 ക്ഷേത്രങ്ങളിലേയും അടിയന്തിരക്കാര്‍ 9 തവണ ശംഖ് വിളിച്ച് വലന്തലയില്‍ മേളം കൊട്ടിവെയ്ക്കുന്ന ചടങ്ങാണ് പിന്നീട്. തൊട്ടിപ്പാള്‍ ഭഗവതി ശാസ്താവിനും , ഊരകത്തമ്മ തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംക്കടവിലേയ്ക്ക് ആറാട്ടിനും
ഊരകത്തമ്മത്തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകുന്നു.
പറയെടുപ്പിനുശേഷം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്ന ശാസ്താവ് 12 മണിക്ക് പിഷാരിക്കല്‍ കീഴോട്ടുകര മനയ്ക്കല്‍
ഇറക്കിപൂജ. തുടര്‍ന്ന് പിഷാരിക്കല്‍ ക്ഷേത്രത്തില്‍ പോയി ഇറക്കി എഴുന്നള്ളിക്കുന്നു. അവിടെ വെച്ച് ശാസ്താവിന് ഉപചാരം.

ഭക്തിനിര്‍ഭരമായ കൂട്ട പറനിറയ്ക്കല്‍ മാര്‍ച്ച് 28ന്

സര്‍വ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നല്‍കി പ്രസാദിച്ചനുഗ്രഹിക്കുന്ന ആറാട്ടുപുഴ ശാസ്താവിന്റെ കൃപാകടാക്ഷത്തിനായി ആയിരങ്ങള്‍ ശാസ്താവിന്റെ തിരുമുമ്പില്‍ മാര്‍ച്ച് 28ന് കൂട്ട പറനിറയ്ക്കുന്നു. വൈകീട്ട് 6.30ന് തറയ്ക്കല്‍ പൂരത്തിന് എഴുന്നള്ളുന്ന ശാസ്താവ് 9 ഗജവീരന്‍മാരുടേയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുമ്പോള്‍ കൂട്ടപറനിറയ്ക്കല്‍ ആരംഭിക്കുന്നു. ഭക്തിനിര്‍ഭരമായ ചടങ്ങിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശന്‍ പറനിറച്ചു കൊണ്ട് തുടക്കം കുറിക്കും. ബോര്‍ഡ് മെമ്പര്‍മാര്‍ കെ.എന്‍.ഉണ്ണികൃഷ്ണന്‍, അഡ്വ.ടി.എന്‍.അരുണ്‍കുമാര്‍, ദേവസ്വം കമ്മീഷണര്‍ ആര്‍. ഹരി, ദേവസ്വം അധികാരികളും മറ്റു പ്രമുഖ വ്യക്തികളും ഭക്തജനങ്ങളോടൊപ്പം പറനിറയ്ക്കും.
നെല്ല് അരി, മലര്‍, ശര്‍ക്കര, പഞ്ചസാര, എള്ള്, പൂവ്, നാണയം എന്നിവ സാധനങ്ങളായോ വിലത്തരമായോ നിറയ്ക്കുന്നതിന് വേണ്ടതായ സൗകര്യങ്ങള്‍ ക്ഷേത്രനടയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .പറനിറയ്ക്കുന്നതിന് വേണ്ട രശീതികള്‍ ആറാട്ടുപുഴ ദേവസ്വം ഓഫീസില്‍ നിന്നും മുന്‍കുട്ടി ലഭിക്കുന്നതാണ്.

Advertisement