കലാസൃഷ്ടികളെല്ലാം സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ നിയമങ്ങളെ പരിഹസിച്ച് എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍.

566
Advertisement

ഇരിങ്ങാലക്കുട : ഇത് ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചും എല്ലാ കലാസൃഷ്ടികളും സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ പുതിയ നിയമങ്ങളെ ചോദ്യം ചെയ്തും പരിഹസിച്ചും അന്തര്‍ദ്ദേശിയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്രമായ എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍. സര്‍ക്കാറുകളുടെ എതിര്‍പ്പുകളെ അവഗണിച്ച് മാര്‍ച്ച് 23ന് കേരളത്തിലെ തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ ന്യൂതന പ്രചരണശൈലിയാണ് സമകാലിന ഇന്ത്യയുടേയും ഇടതുപക്ഷ സര്‍ക്കാറിന്റെ ഇടതുപക്ഷ സ്വഭാവത്തേയും ചോദ്യം ചെയ്യുന്ന വേദിയായി മാറിയത്. സൗദി പോലുള്ള രാജ്യം പോലും സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങള്‍ തേടുമ്പോള്‍ സ്വതന്ത്ര കലാസൃഷ്ടികളെ ശ്വാസംമുട്ടിക്കുന്ന നിബന്ധനകളാണ് രാജ്യം ഭരിക്കുന്നവര്‍ പറയുന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സിനിമയ്ക്ക് നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ കേരളത്തിലെ കലാകാരന്‍മാരും ബുദ്ധിജീവികളും കാര്യമായി പ്രതികരിച്ചില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു. പുതിയ ചിത്രമായ ഉന്മാദിയുടെ മരണത്തിലെ ഉന്മാദിയെ കേന്ദ്രീകരിച്ചുകൊണ്ട് അവതരിപ്പിച്ച നാടകവും ചുറ്റും തങ്ങികൂടിയ കാണികള്‍ക്ക് പുതിയ അനുഭവമായി. സ്വപ്നം കാണാനുള്ള അവകാശങ്ങള്‍ക്കായി പോരാടുന്ന ഉന്മാദിയെ മര്‍ദ്ദിച്ചും കഴുത്തുഞെരിച്ചും കൊല്ലാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ഉദ്യോഗസ്ഥനും നാടകത്തിന് പുതിയ ഭാവങ്ങള്‍ പകര്‍ന്നു. ഉന്മാദിയായി സുനില്‍ ആര്‍.എസ്സും സെന്‍സര്‍ ഉദ്യോഗസ്ഥനായി അരുണ്‍ സോളും വേഷമിട്ടു. നടന്‍ വേദ്, അരുണ്‍ ദേവ്, സനോജ്, സഞ്ജൂസ് എന്നിവരും സംവിധായകനൊപ്പമുണ്ടായിരുന്നു. ഇരിങ്ങാലക്കുട ഫിലിം സെസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് സൊസൈറ്റി പ്രവര്‍ത്തകരായ നവീന്‍ ഭഗീരഥന്‍, മനീഷ് അരീക്കാട്ട്, ജോസ് മാമ്പിള്ളി, ബിനു ശാരംഗദരന്‍, സിബിന്‍ ടി.ജി. രാഹുല്‍ അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 23,24 തീയതികളില്‍ ചെമ്പകശ്ശേരി സിനിമാസില്‍ രാവിലെ പത്തിനാണ് എസ്. ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നത്.

Advertisement