പതിവ് തെറ്റാതെ ഓശാനത്തിരുനാളിന് ഡല്‍ഹിയിലേയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും കുരുത്തോല.

2028

ഇരിങ്ങാലക്കുട: ഓശാനത്തിരുനാളിന് രാജ്യതലസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് കയ്യിലേന്താനുള്ള കുരുത്തോല ഇരിങ്ങാലക്കുടയില്‍നിന്ന്. ഡല്‍ഹിയിലെ 13 പള്ളികളിലേക്കുള്ള പതിനാലായിരം കുരുത്തോലച്ചീന്തുമായി ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചെതലന്‍ വീട്ടില്‍ റോയി തീവണ്ടികയറി. ഡല്‍ഹിയില്‍ കുടുംബമായി താമസിക്കുന്ന റോയിയാണ് വര്‍ഷങ്ങളായി നാട്ടില്‍നിന്ന് ഡല്‍ഹിയിലെ പള്ളികളിലേക്ക് കുരുത്തോല എത്തിക്കുന്നത്. മൂന്ന് സീറോ മലബാര്‍ പള്ളികളിലേക്കും പത്തു ലത്തീന്‍ പള്ളികളിലേക്കുമാണ് കുരുത്തോലകള്‍ കൊണ്ടുപോകുന്നത്. ഡല്‍ഹിയിലെ 27 രഘുവീര്‍ നഗറില്‍ ദക്ഷിണേന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനശാല നടത്തുകയാണ് റോയി. ആദ്യകാലത്ത് പുറത്തുനിന്ന് ആവശ്യമായ കുരുത്തോല വാങ്ങി പള്ളികള്‍ക്ക് നല്‍കുകയാണ് റോയി ചെയ്തത്. അത് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടില്‍നിന്ന് കുരുത്തോല ശേഖരിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിലെ മൂക്കണാംപറമ്പില്‍ ഷാജി, തൊമ്മാന പിന്റോ, കൊക്കാലി ഫ്രാന്‍സീസ് എന്നിവരുടെ പറമ്പുകളിലെ തെങ്ങുകളില്‍ നിന്നാണ് ഭൂരിഭാഗം കുരുത്തോലകളും ശേഖരിച്ചത്. എല്ലാം സൗജന്യമായി തന്നെ. കഴിഞ്ഞ വര്‍ഷം 17000 കുരുത്തോലകളാണ് കൊണ്ടു പോയത്. പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍, കാക്കത്തുരുത്തി പ്രദേശങ്ങളില്‍നിന്നാണ് കൂടുതലായും കുരുത്തോല ശേഖരിച്ചത്. ഈ വര്‍ഷം കനത്ത ചൂടുകാരണം തെങ്ങുകളില്‍നിന്നും ഓല കാര്യമായി ലഭിച്ചിരുന്നില്ല. തെങ്ങുകൃഷി കുറഞ്ഞതും രോഗബാധമൂലവും കുരുത്തോലക്ഷാമം നേരിട്ടത് കൂടുതല്‍ ദുഷ്‌കരമാക്കി. 250 എണ്ണം വീതമുള്ള കെട്ടുകളാക്കി കുരുത്തോല ചാക്കില്‍ പൊതിയും. ചൂടേല്‍ക്കാതിരിക്കാന്‍ വാഴയില ഇട്ട് പൊതിയും. റോയിയുടെ സഹോദരി ജാന്‍സി, സഹോദരി പുത്രി സ്വീറ്റി, സുഹൃത്തുക്കളായ ജോഷി, ജോണി എന്നിവരാണ് കുരുത്തോല വെട്ടിയെടുത്ത് എണ്ണി കെട്ടുകളാക്കാന്‍ സഹായിക്കുന്നത്. തുടര്‍ച്ചയായി 12-ാം തവണയാണ് റോയി ഇരിങ്ങാലക്കുടയില്‍നിന്നും ഡല്‍ഹിയിലേക്ക് കുരുത്തോല ശേഖരിക്കുന്നത്. ഓശാന തിരുനാളിന് ഓരാഴ്ച മുമ്പ് നാട്ടില്‍ വന്ന് തെങ്ങുകള്‍ അധികമുള്ള പറമ്പിന്റെ ഉടമസ്ഥരെ നേരില്‍കണ്ട് കുരുത്തോല ആവശ്യപ്പെടുകയാണ് പതിവ്. ഇന്ന് രാവിലെ തിരുവനന്തപുരം നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ റോയി ഡല്‍ഹിക്ക് കുരുത്തോലകളുമായി പുറപ്പെട്ടു. തീവണ്ടിയിലെ ലഗേജുകളില്‍ കയറ്റികൊണ്ടുപോകുന്ന കുരുത്തോല മൂന്ന് ദിവസം കഴിഞ്ഞാലും യാതൊരു വാട്ടവുമില്ലാതെ ഇരിക്കുമെന്ന് റോയി പറയുന്നു. ഭാര്യ ലിസി ഡല്‍ഹി ദ്വാരകയിലെ സെന്റ് ഗ്രിഗോറിയസ് സ്‌കൂള്‍ അധ്യാപികയാണ്. വിദ്യാര്‍ഥികളായ റിയ റോയി, ലിയാ റോയി എന്നിവര്‍ ഹോളി ചൈല്‍ഡ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളും.

Advertisement