വനിതാ ദിനത്തില്‍ പോലീസ് സ്റ്റേഷന്‍ ഭരണം വനിതകള്‍ക്ക്

2127

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെല്ലാം വനിതകളുടെ നിയന്ത്രണത്തിലായി.സ്ത്രീകളുടെ സുരക്ഷയ്ക്കും, സംരക്ഷണത്തിനും പ്രാധാന്യം നല്‍കുക ലക്ഷ്യമാക്കി പോലീസ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമേകുകയാണ് ഒരു ദിവസത്തെ ചുമതല വനിതകളെ ഏല്‍പ്പിയ്ക്കുകവഴി ചെയ്യുന്നത്.വനിതാ സി.ഐ, എസ്.ഐ എന്നിവര്‍ക്ക് സ്റ്റേഷന്‍ ചുമതലയും, ഉയര്‍ന്ന വനിതാ ഓഫീസര്‍മാരുടെ അഭാവത്താല്‍ സീനിയര്‍ വനിതാ പോലീസുകാര്‍ പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുകയും, പരാതി അന്വേഷണവും നടത്തും.തൃശൂര്‍ റൂറല്‍ജില്ലയിലെ 30 പോലീസ് സ്റ്റേഷനുകളിലും എസ്.പി യതീഷ്ചന്ദ്ര ഐ പി എസ് ഇതിനായി വനിതാ ടീമിനെ തീരുമാനിച്ചിരുന്നു.വനിതാ ദിനത്തില്‍ അന്തിക്കാട് സ്റ്റേഷന്‍ ചുമതല വനിതാ സി.ഐ പ്രസന്ന അണപൂരത്ത് നിര്‍വ്വഹിക്കും. ചേര്‍പ്പ്, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട വനിതാ സ്റ്റേഷന്‍, ആളൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം പി. ചന്ദ്രിക, എസ്. ഉദയചന്ദ്രിക, എന്‍.ബി. സാബ്, പി. ആര്‍ ഉഷ എന്നിവര്‍ക്ക് ചുമതലയേറ്റു.മറ്റു സ്റ്റേഷനുകളിലെല്ലാം വനിതാ പോലീസുകാരാണ് പൊതുജന സമ്പര്‍ക്ക വിഭാഗത്തിന്റെ ചുമതല നിര്‍വ്വഹിക്കുക.ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പി ആര്‍ ഓ ജോലി ചെയ്തിരുന്ന എ എസ് ഐ തോമസ് മാറി വനിതാ സി പി ഓ നിഷി ആണ് പി ആര്‍ ഓ ജോലികള്‍ ചെയ്തിരുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Advertisement