ഇരിങ്ങാലക്കുട: ശരിയായ രാസവളങ്ങള്‍ കൃത്യമായ അളവില്‍ യഥാസമയം വേണ്ട സ്ഥലങ്ങളില്‍ നല്‍കിയെങ്കില്‍ മാത്രമേ കാര്‍ഷിക വിളവുല്പാദനം സാധ്യമാകൂവെന്ന് പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ പറഞ്ഞു. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച കിസാന്‍ സുവിധാ കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക സമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫ. പി. സുരേഷ്‌കുമാര്‍ വിളവുകളുടെയും മണ്ണിന്റെയും ആരോഗ്യപരിപാലനത്തെ കുറിച്ച് ക്ലാസെടുക്കുകയും കൃഷിക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ‘ഉയര്‍ന്ന വിളവിന് സന്തുലിത വളപ്രയോഗം’എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേര്‍ഡ് ജെഡിഎ ജോസ് വര്‍ഗീസ് ക്ലാസെടുത്തു. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ കെ. ഇന്ദുചൂഡന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ.ആര്‍. സഹദേവന്‍, വി.കെ. സരള, വി.വി. സുരേഷ്, അനീഷ് തോമസ്, ബിജു ജോണ്‍, ടോണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മിശ്ര വളപ്രയോഗം കാലഘട്ടത്തിന്റെ ആവശ്യം-പ്രൊഫ. കെ.യു. അരുണന്‍ എംഎല്‍എ
Advertisement