20 കോടി 41 ലക്ഷത്തിന്റെ പദ്ധതി വിഹിതവുമായി ഇരിങ്ങാലക്കുട 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി.

632

ഇരിങ്ങാലക്കുട ; 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണം ഇരുപതു കോടി നാല്‍പത്തിയൊന്നു ലക്ഷത്തി എഴുപത്തിയ്യായിരം രൂപയുടെ പദ്ധതിയാണ് ഇരിങ്ങാലക്കുട നഗരസഭക്ക് അനുവദിച്ചിട്ടുള്ളത്. ജനറല്‍ വിഭാഗത്തില്‍ അഞ്ചു കോടി തൊണ്ണൂറ്റിയൊന്‍പതു ലക്ഷത്തി നാലായിരം രൂപയും ഫിനാന്‍സ് വിഭാഗത്തില്‍ അഞ്ചു കോടി എണ്‍പത്തിയാറു ലക്ഷത്തി ആയിരം രൂപയും പട്ടികജാതി വിഭാഗത്തില്‍ രണ്ടു കോടി തൊണ്ണൂറ്റിയൊന്‍പതു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപയും റോഡിതര വിഭാഗത്തില്‍ ഒരു കോടി ഇരുപത്തിയൊന്നുലക്ഷത്തി എണ്‍പത്തിയാറായിരം രൂപയും റോഡ് വിഭാഗത്തില്‍ നാലു കോടി അന്‍പത്തിനാലു ലക്ഷത്തി രണ്ടായിരം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതി അവലോകനം നടത്തണമെന്നാവശ്യപ്പെട്് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ രംഗത്തു വന്നു. കൗണ്‍സില്‍ അധികാരത്തില്‍ വന്നു രണ്ടു വര്‍ഷം പിന്നിടുമ്പോഴും തുടങ്ങിയടത്തു തന്നെ നില്‍ക്കുകയാണ്. അറവുശാല, മാലിന്യ സംസ്‌കരണ പ്ലാന്റ്, ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഹാള്‍ തുടങ്ങിയ പദ്ധതികളൊന്നും നടപ്പാക്കാനായിട്ടില്ലെന്ന് പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ മാലിന്യസംസ്‌കരണ പ്ലാന്റിലേക്ക ആവശ്യമായ യന്ത്ര സംവിധാനങ്ങള്‍ എത്തിയതായും ശുചിത്വമിഷനാണ് അത് സ്ഥാപിക്കേണ്ടതെന്നും സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ വി. സി വര്‍ഗീസ്, എം. ആര്‍ .ഷാജു എന്നിവര്‍ വിശദീകരിച്ചു. വിവിധ മേഖലകളിലേക്ക് നിയമപരമായി നീക്കി വക്കേണ്ട തുകക്കു പുറമെ അനുവദിക്കേണ്ട തുക ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തില്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായില്ല. പദ്ധതിയുടെ മേഖല തലത്തിലുള്ള വിഭജനം അംഗീകരിച്ച് ഫെബ്രുവരി 16 ന് വര്‍ത്തിങ്ങ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.

Advertisement