ഇരിങ്ങാലക്കുടക്കാരന്‍ റാഫിയ്ക്ക് പക്ഷിനിരീക്ഷകനുള്ള അംഗീകാരത്തിന്റെ തൂവല്‍തിളക്കം.

1383

ആളൂര്‍ : അതിരുകളില്ലാത്ത ആകാശവഴിത്താരയില്‍ പക്ഷികളെ പിന്തുടര്‍ന്ന് പറക്കുന്ന കണ്ണുകളാണ് റാഫിയുടെ വിനോദത്തിന് അനുഭൂതി പകരുന്നത്.കിളിയഴകിന്റെ വൈവിധ്യം തേടിയിറങ്ങിയ യാത്രയില്‍ കാടും കോള്‍പാടവും കടലും പരിചയപ്പെടുത്തിയത് നാനൂറിലധികം ഇനം പക്ഷികളെയാണ്.നിശ്ശബ്ദമായ കാത്തിപ്പുകളില്‍ കൌതുകങ്ങളുടെ ചിറക് വിടര്‍ത്തി മുന്നിലെത്തിയ പക്ഷികളിലെ വര്‍ണ്ണ സ്വഭാവ വൈവിധ്യങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ കല്ലേറ്റുംകര സ്വദേശി റാഫിയ്ക്ക് മികച്ച പക്ഷിനിരീക്ഷകനുള്ള അംഗീകാരത്തിന്റെ തൂവല്‍തിളക്കം.
ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പക്ഷികളെ നിരീക്ഷിച്ച് വിവരങ്ങള്‍ ചേര്‍ത്തതിനുള്ള 2017 ലെ പുരസ്‌കാരമാണ് റാഫിയ്ക്ക് ലഭിച്ചത്.ആഗോളാടിസ്ഥാനത്തില്‍ പക്ഷികളുടെ വിവരങ്ങള്‍ ചേര്‍ക്കുന്ന ഇ.ബേര്‍ഡ് വെബ്‌സൈറ്റിന് കീഴിലുള്ള ബേര്‍ഡ് കൌണ്ട് ഇന്ത്യയാണ് കഴിഞ്ഞദിവസം പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രൊലിഫിക് ഇ ബേര്‍ഡര്‍ എന്ന ഒന്നാം കാറ്റഗറിയിലാണ് മലയാളിയായ റാഫിയെ തിരഞ്ഞെടുത്തത്. 365 ഇനം പക്ഷികളെയാണ് റാഫി ഒരുവര്‍ഷക്കാലയളവില്‍ കണ്ടത്.കേരളത്തില്‍ ആകെ കണ്ടെത്തിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ള 519 ഇനങ്ങളില്‍ 406 പക്ഷികളെ റാഫി കണ്ടതായി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതോടെ ഇ ബേര്‍ഡിന്റെ പട്ടികയില്‍ സംസ്ഥാനത്തെ പക്ഷി നിരീക്ഷകരില്‍ ഏറ്റവുമധികം പക്ഷികളെ കണ്ടവരില്‍ മൂന്നാംസ്ഥാനത്താണ് ഇദ്ദേഹം.വടക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും ദേശാടനത്തിനായെത്തിയ കിഴക്കന്‍ കരുതപ്പി എന്നറിയപ്പെടുന്ന ഈസ്റ്റേണ്‍ മാര്‍ഷ് ഹാരിയര്‍ എന്ന പരുന്തിനെ കേരളത്തില്‍ ആദ്യമായി കണ്ട് രേഖപ്പെടുത്തിയത് റാഫിയുടെ മികച്ച നേട്ടമാണ്.ഇന്ത്യയില്‍ ഇതിന് മുന്‍പ് രണ്ട് തവണ മാത്രമേ ഈ പരുന്തിനെ കണ്ടിട്ടുള്ളൂ.കല്ലേറ്റുംകര കരിപ്പറമ്പില്‍ വീട്ടില്‍ റാഫിയ്ക്ക് പക്ഷികളാണ് കൂട്ടുകാര്‍.വീട്ടുമുറ്റത്തെ ചെറുനാരകമരത്തിലെ കിളിക്കൂട്ടില്‍ വിരിഞ്ഞ ചെറുകുരുവികള്‍ക്കൊപ്പമാണ് റാഫിയിലെ പക്ഷി കൗതുകത്തിന് ചിറക് മുളച്ചത്. പന്ത്രണ്ട് വര്‍ഷമായി പക്ഷികളിലെ വിസ്മയങ്ങളുടെ ചിറകൊച്ചകള്‍ തേടി റാഫിയുണ്ട്.ഇരതേടിയും പ്രജനനത്തിനുമായി കേരളത്തിലെത്തുന്ന അപൂര്‍വ്വങ്ങളായ നിരവധി ദേശാടന പക്ഷികളെ ഉള്‍പ്പടെ കണ്ടെത്തി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.യൂറോപ്പ്,അന്റാര്‍ട്ടിക്ക തുടങ്ങി നിരവധിയിടങ്ങളിലെ പ്രാപ്പിടിയന്‍ പരുന്തുകളും വിവിധയിനം താറാവുകളും നീര്‍ക്കാടകളും കൊക്കുകളും ഇദ്ദേഹത്തിന്റെ പക്ഷിപരിചിതരിലുണ്ട്.പക്ഷികളുടെ ശബ്ദവും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയെടുത്ത് വിശദമായ വിവരണങ്ങളോടെയാണ് രേഖപ്പെടുത്തുന്നത്.ഓരോ വര്‍ഷവും പുതിയതായി പക്ഷികളെ കേരളത്തില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നത് കൂടുതല്‍ ഉത്സാഹം പകരുന്നതായി റാഫി പറഞ്ഞു.പുരികപ്പുള്ള് എന്നുവിളിക്കുന്ന ഐ ബ്രോവ്ഡ് ത്രഷ് ,കറുത്ത ആളപ്പക്ഷി എന്ന ബ്ലാക്ക് ടേണ്‍ തുടങ്ങിയ പക്ഷികളെ ഈയടുത്തായാണ് കേരളത്തില്‍ പക്ഷി നിരീക്ഷകര്‍ കണ്ടത്.ഒറ്റയ്ക്കും പക്ഷി നിരീക്ഷകരായ സുഹൃത്തുക്കളോടൊപ്പം സംഘമായും കേരളത്തിലെല്ലാ ജില്ലകളിലും റാഫിയെത്തിയിട്ടുണ്ട്.കരയിലെ മാത്രമല്ല കടലില്‍ കാണപ്പെടുന്ന ഒട്ടേറെ പറവകളും ചിത്രശേഖരത്തിലെ വിസ്മയങ്ങളാണ്.ബോട്ടില്‍ സഞ്ചരിച്ചുള്ള ഒട്ടേറെ യാത്രകളില്‍ വിവിധയിനം കടല്‍ പക്ഷികളുടെ കാഴ്ചകൌതുകങ്ങളും കണ്ടറിയാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമാണെന്ന് ഇദ്ദേഹം പറയുന്നു.
കണ്ടതിലേറെയും തൃശൂരില്‍
മലനാടും ഇടനാടും തീരദേശവുവുമെല്ലാമുണ്ട് തൃശൂരിന്.വ്യത്യസ്തങ്ങളായ പക്ഷി വര്‍ഗ്ഗങ്ങള്‍ക്ക് ആവാസത്തിനനുകൂലമായ ഈ ഇടങ്ങള്‍ തൃശൂരിന്റെ പക്ഷിവൈവിധ്യത്തിന്റെ കാരണമായി റാഫി പറയുന്നു. കോള്‍പാടങ്ങളും കടല്‍തീരവും വനവും അധികം ദൂരവ്യത്യാസമില്ലാതെ തുശൂരിലുണ്ടെന്നത് സവിശേഷതയാണ്. തദ്ദേശീയരായ കിളികളും കടല്‍കടന്നെത്തുന്ന ദേശാടനപക്ഷികളും മണ്‍സൂണ്‍ പെയ്‌തൊഴിഞ്ഞാല്‍ വേനലൊഴിയും വരെയും കൗതുകങ്ങളുടെ ചിറകുവിടര്‍ത്തി എവിടെയുമുണ്ടാകും. തണ്ണീര്‍തടങ്ങളില്‍ കാണപ്പെടുന്ന 260 ഇനം നീര്‍പക്ഷികളെ തൃശൂരിന്റെ കോള്‍പാടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.ആര്‍ട്ടിക് സമുദ്രം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള യൂറേഷ്യന്‍ ഭൂഖണ്ഡപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ,ദേശാടനപക്ഷികളുടെ ആകാശവഴിത്താരയായ സെന്‍ട്രല്‍ ഏഷ്യന്‍ ഫ്‌ലൈവേയുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് തൃശൂരിലെ മുരിയാട് കോള്‍പാടം.അതിരപ്പിള്ളി വനമേഖലയും ചാവക്കാട് കടല്‍തീരവും നിരവധി പക്ഷികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ദേയമായ ഇടങ്ങളാണെന്ന് റാഫി സാക്ഷ്യപ്പെടുത്തുന്നു.അതിരുകളില്ലാതെ പക്ഷികളെ തേടിപ്പോകുന്നവര്‍ എന്നര്‍ഥമുള്ള ബേര്‍ഡെഴ്‌സ് സാന്‍ഡ്‌സ് ബോര്‍ഡെഴ്‌സ് എന്ന പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയുടെ പ്രസിഡന്റ് കൂടിയാണ് റാഫി.പക്ഷിനിരീക്ഷണത്തോടൊപ്പം ഒട്ടേറെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പക്ഷികളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കണം നടത്തുന്നതിലും സജീവമാണ്.

റിപോര്‍ട്ട് : രഞ്ജിത്ത് മാധവന്‍

Advertisement