കലാമണ്ഡലം ഗീതാനന്ദന് പ്രണാമം.അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു ഓര്‍മ്മക്കുറിപ്പ്

1608
Advertisement

ഇരിങ്ങാലക്കുട ; ആ മഹാ പ്രതിഭ അരങ്ങിലെ അവസാന ചുവടുകളും അനശ്വരമാക്കി വിടവാങ്ങുമ്പോള്‍ അദേഹത്തേ കുറിച്ച് മനോരമ ഓണ്‍ലൈനിലെ വിനോദ് നായര്‍ എഴുതിയ ഓര്‍മ്മകുറിപ്പ്……..
ഉറങ്ങിപ്പോയപ്പോഴാണ് നമ്പ്യാരുടെ മനസ്സില്‍ ആദ്യം തുള്ളലുണ്ടായത്.ഇറങ്ങിപ്പോയപ്പോഴാണ് നമ്പീശന്റെ മകന്‍ തുള്ളല്‍ കലാകാരനായത്.
നമ്പീശന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയപ്പോള്‍.. !തുള്ളല്‍ ക്‌ളാസില്‍ കലാമണ്ഡലം ഗോപിയാശാന്റെ സഹപാഠിയായിരുന്നു മഠത്തില്‍ പുഷ്പകം കേശവന്‍ നമ്പീശന്‍. ഒരുപാടു വേദികളില്‍ തിളങ്ങിയ കലാകാരന്‍. ജീവിതത്തില്‍ ഒന്നും നേടിയില്ല. എത്ര തുള്ളിയിട്ടും വിയര്‍പ്പുതുള്ളിയും കണ്ണുനീര്‍ത്തുള്ളിയും മാത്രം ബാക്കി.. അങ്ങനെ ഒരു ദിവസം ഏഴുമക്കളെയും ഭാര്യ സാവിത്രി ബ്രാഹ്മണിയമ്മയെയും ഉപേക്ഷിച്ച് അയാള്‍ നാടുവിട്ടു. നമ്പീശന്‍ പടിയിറങ്ങുമ്പോള്‍ വീട്ടില്‍ ആകെയുള്ള സമ്പാദ്യം ഒരു പറ നെല്ലാണ്. പിന്നെ ഏഴു കുഞ്ഞുങ്ങളുടെ നിഷ്‌കളങ്ക മുഖങ്ങളും. തനിച്ചായതോടെ പാലായും മോരായും ചോറായും വസ്ത്രങ്ങളായും മഴയായും വെയിലായും കടങ്ങളായും ജീവിതം അതിന്റെ എല്ലാ ആവശ്യങ്ങളോടും കൂടി സാവിത്രി എന്ന ആ പാവം വീട്ടമ്മയെ വേട്ടയാടാന്‍ തുടങ്ങി.വല്ലാതെ കഷ്ടപ്പെട്ടാണ് സാവിത്രി കുട്ടികളെ വളര്‍ത്തിയത്. അങ്ങനെ മൂത്തമകന്‍ വാസുദേവന്‍ ഹൈസ്‌കൂളിലും നാലാമന്‍ ആനന്ദന്‍ പ്രൈമറി ക്‌ളാസിലുമെത്തി നില്‍ക്കെ.. ഒരു ദിവസം ഉച്ചയ്ക്ക് കേശവന്‍ നമ്പീശന്‍ മടങ്ങിയെത്തി. അത്രയും കാലം മധുരയില്‍ ഹോട്ടലുകളില്‍ പണിയെടുക്കുകയായിരുന്നു അയാള്‍.
ഇറങ്ങിപ്പോയ പടവുകള്‍ തിരിച്ചു കയറി മുറ്റത്തു വന്നു നില്‍ക്കെ അയാളുടെ മുന്നില്‍ കഴിഞ്ഞുപോയ കാലങ്ങള്‍ കരിയിലകളായി കൊഴിഞ്ഞു വീണു കിടന്നു. അവയില്‍ ചവിട്ടാതെ മാറി നടന്ന് ഉമ്മറത്തേക്കു കയറുമ്പോള്‍ നമ്പീശന്‍ കേട്ടത് വീട്ടിനുള്ളില്‍ നിന്നു തുള്ളല്‍പ്പാട്ടാണ്.’കല്യാണശീലനാം കാര്‍മുകില്‍ വര്‍ണന്റെ കല്യാണസൗഗന്ധികാഖ്യം കഥാഭാഗ മുല്ലാസകാരണം ഭാരതസത്തമം ചൊല്ലേറുമിക്കഥാശേഷം ചുരുക്കി ഞാന്‍…
മകന്‍ ആനന്ദന്‍ തുള്ളല്‍പ്പാട്ട് പഠിക്കുകയാണ്. കേശവന്‍ നമ്പീശന് സങ്കടവും ദേഷ്യവും സഹിക്കാന്‍ കഴിഞ്ഞില്ല. സ്‌കൂളില്‍ പഠിക്കേണ്ട സമയത്ത് തുള്ളല്‍ ! മകനും ജീവിതം തന്റെ വഴിയിലേക്ക് തിരിച്ചുവിടുകയാണോ ? മധുരയിലെ ഹോട്ടലുകളുടെ അടുക്കളകളുടെ മുഷിഞ്ഞ നിറം അയാള്‍ക്ക് എളുപ്പം മറക്കാന്‍ പറ്റുന്നതല്ല. ആനന്ദന്റെ ഓട്ടന്‍തുള്ളല്‍ കമ്പം വീട്ടില്‍ ചര്‍ച്ചയായി. വഴക്കായി. അയാളോടു ഭാര്യ സാവിത്രി പറഞ്ഞു.. ഞാന്‍ പറഞ്ഞിട്ട് ആനന്ദന്‍ കേള്‍ക്കുന്നില്ല. അവന് ഓട്ടന്‍തുള്ളല്‍ പഠിക്കണമെന്ന് ഒരേ വാശി. ഇതാണ് ജീവിതാനന്ദം എന്ന മട്ടില്‍ നില്‍ക്കുകയാണ് ആനന്ദന്‍. ഒടുവില്‍ അടിച്ച വഴിയേ പോയില്ലെങ്കില്‍ മകനെ പഠിച്ച വഴിയേ തെളിക്കാമെന്ന് നമ്പീശനും വഴങ്ങി. അങ്ങനെ ആനന്ദന്‍ ഓട്ടന്‍തുള്ളല്‍ പഠിച്ചു തുടങ്ങി. ഇനി കലാമണ്ഡലത്തില്‍ ചേരണം. പ്രവേശന ഫീസിന്റെ കാര്യം വന്നപ്പോള്‍ പിന്നെയും തടസ്സം. ഫീസ് 85 രൂപ വേണം. എട്ടു രൂപ പോലുമില്ല കൈയില്‍ എന്ന സ്ഥിതിയിലാണ് നമ്പീശന്‍.ഒന്നോ രണ്ടോ ദിവസം കരഞ്ഞപ്പോള്‍ ആനന്ദന്‍ തന്നെ വഴി കണ്ടെത്തി. അവന്‍ നമ്പീശനോടു പറഞ്ഞു. അച്ഛന്‍ ഒരു കത്ത് എഴുതിത്തരാമോ? ഇവന്‍ എന്റെ മകനാണ്, കലാമണ്ഡലത്തില്‍ പഠിക്കാന്‍ ആഗ്രഹമുണ്ട്. എന്റെ കൈയില്‍ പണമില്ല, ഇവനെ സഹായിക്കണം.. അച്ഛനെഴുതിയ ആ കത്തുമായി ആനന്ദന്‍ നാട്ടിലെ വീടുകള്‍ കയറിയിറങ്ങി. ആളുകളുടെ മുന്നില്‍ കൈനീട്ടി..കത്തു വായിച്ച് ചിലരൊക്കെ ചെറിയ സഹായങ്ങള്‍ ചെയ്തു. അല്‍പം മുമ്പ് ഒറീസയില്‍ വെള്ളപ്പൊക്കമെന്നു പറഞ്ഞ് ഒരു ചെക്കന്‍ വന്നു പോയതേയുള്ളൂ എന്ന മട്ടില്‍ ചിലര്‍ പരിഹസിച്ചു. മറ്റു ചിലര്‍ ഒന്നുംമിണ്ടാതെ വേറെവിടെയോ നോക്കിയിരുന്നു. ഒരു വീട്ടില്‍ ചെന്നപ്പോള്‍ കത്തു വായിച്ചിട്ട് വീട്ടുടമസ്ഥന്‍ ആനന്ദനെ നോക്കി പറഞ്ഞു.. ഇനി ഈ കത്തുമായി നീ ആരുടെ അടുത്തും പോകരുത്. അഡ്മിഷന്‍ ഫീസ് ഞാന്‍ തരാം. ആനന്ദന്റെ ജീവിതാഭിലാഷത്തിനു പച്ചക്കൊടി കാട്ടിയ ആ മനുഷ്യന്‍ തീവണ്ടിയിലെ എന്‍ജിനീയറായിരുന്നു. കലാമണ്ഡലത്തിലെ പഠനകാലത്ത് മുഴുവന്‍ ഫീസും അയാള്‍ തന്നെ കൊടുത്തു.ആനന്ദന്‍ പഠിച്ചു വലുതായി കലാമണ്ഡലം ഗീതാനന്ദനായി. വലിയ പേരായി, നീനാ പ്രസാദിനെയും കാവ്യാ മാധവനെയും പോലെ പേരുള്ളവരുടെ ഗുരുവായി. പ്രഫസറും സിനിമാ നടനുമായി. ഈയിടെ ജോലിയില്‍ നിന്നു വിരമിച്ചു.
കലാമണ്ഡലത്തിന്റെ പടിയിറങ്ങുന്ന ദിവസം ഗീതാനന്ദന്‍ നിറമനസ്സോടെ പറഞ്ഞു.. ഞാന്‍ ഇന്ന് വിരമിക്കുന്നു. ഈ കല പഠിക്കാന്‍ എന്നെ സഹായിച്ച ശ്രീധരേട്ടനെന്ന ആ വലിയ മനുഷ്യന്‍ ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു.ആ ശ്രീധരേട്ടനാണ് ഇന്നത്തെ മെട്രോമാന്‍ ഇ. ശ്രീധരന്‍ ! വിശ്രമമറിയാതെ കുതിച്ചുപായുന്ന തീവണ്ടി മനുഷ്യന്‍ !

 

Advertisement