പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

538
Advertisement

ഇരിങ്ങാലക്കുട : 2015ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. യൂറോപ്യന്‍ ഫിലിം അക്കാദമിയുടെ 2014ലെ മികച്ച ചിത്രത്തിനുള്ള ബഹുമതി ഉള്‍പ്പെടെ അറുപതോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്.1960 ലെ പോളണ്ടാണ് കഥയുടെ പശ്ചാത്തലം. അനാഥയായി മഠത്തില്‍ വളര്‍ന്ന അന്ന എന്ന കത്തോലിക്ക യുവതി കന്യാസ്ത്രീയാവാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി അന്നയ്ക്ക് ജീവിച്ചിരിക്കുന്ന എക ബന്ധുവായ മാത്യ സഹോദരി വാന്റയെ കാണേണ്ടി വരുന്നു. പുക വലിക്കുകയും മദ്യപിക്കുകയും പരപുരുഷന്‍മാരോടൊത്ത് സമയം ചിലവഴിക്കുകയും ചെയ്യുന്ന വാന്റയില്‍ നിന്നും താന്‍ ജൂതയാണെന്നും യഥാര്‍ത്ഥ പേര് ഇഡ എന്നാണെന്നും നാസി തേര്‍വാഴ്ചയുടെ കാലത്ത് മാതാപിതാക്കള്‍ വധിക്കപ്പെടുകയായിരുന്നുവെന്നും മനസ്സിലാക്കുന്നു. കുടുംബ ചരിത്രം തേടി ഇരുവരും നടത്തുന്ന യാത്രയും പുതിയ അറിവുകള്‍ ഇരു വരിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് പവല്‍ പൗലി കോവ്‌സ്‌കി കറുപ്പിലും വെളുപ്പിലുമായി ഒരുക്കിയ ചിത്രം തുടര്‍ന്ന് പറയുന്നത്.82 മിനിറ്റുള്ള ചിത്രം മലയാളം സബ്‌ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447814777

Advertisement