മാധവ നാട്യഭൂമിയില്‍ കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടം

601

ഇരിങ്ങാലക്കുട : മാധവ നാട്യഭൂമിയില്‍ നടന്ന കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടത്തില്‍ സൂരജ് നമ്പ്യാര്‍ വിദ്യാധരനെയും കപില വേണു ഗുണമഞ്ജരിയേയും അവതരിപ്പിച്ചു . ഭൂമിയിലേക്ക് ആകാശത്തു നിന്നു വരുന്ന വിദ്യാധരനും ഗുണമഞ്ജരിയും സുമേരു പര്‍വ്വതങ്ങള്‍ക്ക് ഇടയ്ക്ക് കാറ്റിന്റെ ശക്തിയില്‍ ആടിയുലയുമ്പോള്‍ വായു ഭഗവാനോട് ഇരുവരും വായുപുത്രന്മാരായ ഹനുമാനും ഭീമനും തമ്മിലുള്ള സമാഗമം ഭംഗിയാക്കാനാണ് പോകുന്നതെന്ന് പറഞ്ഞ് വായുവിനെ സമാധാനിപ്പിക്കുന്നത് അഭിനയിപ്പിച്ചു കാണിക്കുന്നതോടെയാണ് കൂടിയാട്ടം ആരംഭിച്ചത്. തുടര്‍ന്ന് ഭൂമിയെ കുടയായും പര്‍വ്വതത്തെ വള്ളി കുടിലായും കണ്ട് കൈലാസത്തെ ദര്‍ശിച്ചും വൈശ്രവണ രാജധാനിയെ വര്‍ണ്ണിച്ചും സമീപത്ത് ഒരാന മേഘത്തെ കണ്ട് മറ്റൊരു ആനയായി തെറ്റിദ്ധരിക്കുന്നതും വിസ്തരിച്ച് അഭിനയിച്ചിരിക്കുന്നു. ശേഷം ഭീമന്‍ കദളീവനത്തിലേക്ക് പ്രവേശിക്കുന്നതും ഹനുമാനും ഭീമനും തമ്മില്‍ കണ്ടതിന്നു ശേഷം മാത്രം മതി തങ്ങളുടെ ഇടപ്പെടല്‍ എന്ന് കല്യാണകന്‍ എന്നറിയപ്പെടുന്ന വിദ്യാധരനും ഗുണമഞ്ജരിയും തീരുമാനിക്കുന്നത് അഭിനയിക്കുന്നതോടെയാണ് കൂടിയാട്ടം അവസാനിച്ചത്.അമ്മന്നൂര്‍ മാധവനാട്യ ഭൂമിയില്‍ വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് കല്യാണസൗഗന്ധികം കൂടിയാട്ടത്തിന്റെ സമാപനം കുറിയ്ക്കും.സമാപനദിവസത്തേ കൂടിയാട്ടത്തില്‍ ഭീമനായി അമ്മന്നൂര്‍ രജനീഷും വിദ്യാധരനായി മാധവും ഹനുമാനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാരും ഗുണമഞ്ജരിയായി കീര്‍ത്തി ഹരിദാസും പാഞ്ചാലിയായി സരിത കൃഷ്ണകുമാറും വേഷമിടും.

Advertisement