ഇരിങ്ങാലക്കുട പിണ്ടിപെരുന്നാളിന് വിളംബരം അറിയിച്ചുകൊണ്ട് നകാരധ്വനികളുയര്‍ന്നു.

752
Advertisement

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന് വിളംബരം അറിയിച്ചുകൊണ്ട് നകാരധ്വനികളുയര്‍ന്നു. ഇന്നലെ രാവിലെ തിരുനാളിനു കൊടിയുയര്‍ന്നതോടെയാണു നകാരമേളം ആരംഭിച്ചത്. തിരുനാളിന്റെ സമാപനത്തില്‍ പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്ന സമയംവരെ വിവിധ സമയങ്ങളില്‍ നകാരമേളം ഉണ്ടായിരിക്കും. പൗരാണിക ദേവാലയങ്ങളില്‍ തിരുനാളിനു മുന്നോടിയായി നടക്കുന്ന രാജകീയ പെരുമ്പറമുഴക്കമാണ് നകാരമേളം. ഇരിങ്ങാലക്കുടയില്‍ പിണ്ടിപെരുന്നാള്‍ ആരംഭിച്ചതുമുതല്‍ നകാരമേളവും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. രാവിലെ ആറിനും ഉച്ചയ്്്ക്കു 12.30 നും വൈകീട്ട് ഏഴിനും പള്ളിമണി മുഴങ്ങുമ്പോള്‍ നകാരമേളം നടക്കും. നാലടി ഉയരവും മൂന്നടി വിസ്തീര്‍ണവും ഉള്ള രണ്ടു നകാരങ്ങളാണു കത്തീഡ്രല്‍ ദേവാലയത്തിലുള്ളത്. എട്ടു പേരടങ്ങുന്ന സംഘമാണു നകാരം മുഴക്കുവാന്‍ കണക്കുപ്രകാരം വേണ്ടത്. മൃഗത്തോലുകൊണ്ട് ശാസ്ത്രീയമായ പ്രക്രിയകളിലൂടെയാണു നകാരം നിര്‍മിക്കുന്നത്. തിരുനാള്‍ ഞായറാഴ്ച രാവിലെ തിരുനാളിന്റെ പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലൂടെ നകാരവണ്ടികള്‍ കടന്നുപോകും. കുരിശു പതിച്ച, ചുവപ്പുകലര്‍ന്ന വെള്ളക്കൊടികളാല്‍ അലങ്കരിച്ച, കാളകളെ പൂട്ടിയ വണ്ടിയില്‍ വലിയ നകാരങ്ങളുമായി കൊട്ടുകാര്‍ ഇരിങ്ങാലക്കുടയെ വലംവെക്കുന്ന കാഴ്ച തിരുനാളിന്റെ മനോഹരമായ കാഴ്ചകളിലൊന്നാണ്. ഉച്ചകഴിഞ്ഞ് പ്രദക്ഷിണം ഇറങ്ങുന്നതോടെ നകാരം വണ്ടികളും തയാറാവും. പ്രദക്ഷിണത്തിന്റെ ഭാഗമാണെങ്കിലും,ഒരല്പ്പം മുന്നിലായാണു നകാരവണ്ടികള്‍ നീങ്ങുക. കാളവണ്ടികളില്‍ ഭീമന്‍ ചെണ്ടകളുമായി നഗരം ചുറ്റുന്ന ഒരു ചടങ്ങ് ഒരുപക്ഷേ ഇവിടെ മാത്രമേ കാണൂ. ചരിത്രത്തിന്റെ പ്രൗഢിയും വിശ്വാസത്തിന്റെ തീക്ഷ്ണതയും കലയുടെ സൗന്ദര്യവും നകാരത്തിലുണ്ട ്. അതുകൊണ്ടാണു നകാരം തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാകുന്നതും. നകാരത്തിനു വിദഗ്ധമായി താളമടിക്കാന്‍ അരിയാവുന്നവര്‍ ഇന്ന് വിരളമാണ്. കത്തീഡ്രല്‍ പള്ളിയിലെ ജീവനക്കാരനായ കോട്ടക്കല്‍ പോള്‍സനും സംഘവുമാണ് കാലങ്ങളിലായി ഇവിടെ നകാരം മുഴക്കുന്നത്.

Advertisement