ജനറല്‍ ആശുപത്രിക്ക് 45 ലക്ഷം ചിലവഴിച്ച് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നു

525

ഇരിങ്ങാലക്കുട: നഗരമദ്ധ്യത്തിലുള്ള ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് 45 ലക്ഷം രൂപ ചിലവില്‍ ചുറ്റുമതില്‍ പണിയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നേട്ടത്തിലാണ് പണി നടക്കുന്നത്. കോമ്പൗണ്ടിന്റെ കിഴക്കുഭാഗത്തെ മതില്‍ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. മതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന പാഴ് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എച്ച്.എം.സി. തിരുമാനിച്ചിരുന്നു. ഇതിനോടൊപ്പം ആശുപത്രിയുടെ പിറകുവശത്തെ മുളംകാടും പാഴ്മരങ്ങളും മുറിച്ചുമാറ്റാനും യോഗത്തില്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ആശുപത്രിയുടെ പുറകുവശത്ത് അതിര്‍ത്തി അളന്ന് തിരിച്ചതിന് ശേഷം മാത്രമേ അവിടെ മതിലിന്റെ പണി ആരംഭിക്കുവാന്‍ കഴിയു. എന്നാല്‍ ആശുപത്രിയിലെ മുളംകാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വമിത്ര ഹരിതസേന പ്രവര്‍ത്തകര്‍ ആശുപത്രി സുപ്രണ്ടിന് കത്ത് നല്‍കി. മുളംകാടും മരങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സീറോ കാര്‍ബണേറ്റ് പ്രദേശമായി മാറ്റാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കണമെന്നും ഹരിതസേന കത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രി വികസനത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ കേരള സ്‌റ്റേറ്റ് ട്രി പ്രിസര്‍വേഷന്‍ ആക്റ്റ് പ്രകാരം മാത്രമെ നടപടിയെടുക്കാവുയെന്നും ഹരിതസേന കത്തില്‍ ആവശ്യപ്പെട്ടു. അടുത്ത എച്ച്.എം.സി.യില്‍ കത്ത് പരിഗണിക്കുമെന്നും മോര്‍ച്ചറിയ്ക്ക് നാശമുണ്ടാക്കുന്ന തരത്തില്‍ നില്‍ക്കുന്ന മുളംകാടുകള്‍ വെട്ടുന്നതായിരിക്കും അഭികാമ്യമെന്നും സുപ്രണ്ട് എ.എ. മിനിമോള്‍ പറഞ്ഞു. ആശുപത്രിയിലെ മറ്റ് മരങ്ങള്‍ മുറിയ്ക്കുന്നതിന് രണ്ട് തവണ ടെണ്ടര്‍ നല്‍കിയിട്ടും ആരും ഏറ്റെടുത്തിട്ടില്ലെന്നും മൂന്നമതൊരു ടെണ്ടറിന് ശേഷം മറ്റ് നടപടികള്‍ ആലോചിക്കുകയൊള്ളുവെന്നും സുപ്രണ്ട് അറിയിച്ചു

Advertisement