ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള അയ്യങ്കാവ് മൈതാനം കേടുവരുത്തിയതില്‍ കെ.എല്‍- 45 ഇരിങ്ങാലക്കുട ഫെസ്റ്റ് സംഘാടകസമിതിക്ക് പിഴയടക്കുവാന്‍ നോട്ടീസ്. ഫെസ്റ്റിന്റെ സംഘാടകസമിതി ചെയര്‍പേഴ്സനാണ് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചത്. 1.37 ലക്ഷം രൂപ പിഴ അടക്കുവാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയാണ് അയ്യങ്കാവ് മൈതാനിയില്‍ ഫെസ്റ്റ് നടന്നത്. ഫെസ്റ്റ് നടത്തുവാന്‍ നഗരസഭ മൈതാനം അനുവദിച്ചിരുന്നുവെങ്കിലും വാഹനങ്ങള്‍ മൈതാനത്ത് പ്രവേശിപ്പിക്കരുതെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. മാത്രമല്ല, സമയപരിധി കഴിഞ്ഞിട്ടും മൈതാനം പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ ഫെസ്റ്റിന്റെ സംഘാടകസമിതിക്ക് സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് മുനിസിപ്പല്‍ എന്‍ജിനീയറിംഗ് വിഭാഗം മൈതാനം പരിശോധിച്ചാണ് തുക നിശ്ചയിച്ചത്. മൈതാനം അലങ്കോലപ്പെടുത്തിയതിന് 1.27 ലക്ഷം രൂപയും അനുമതിയില്ലാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പതിനായിരം രൂപയുമാണ് നഗരസഭ പിഴയായി ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം തുക അടക്കാത്തപക്ഷം നഗരസഭ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.