തിരുവാതിര നോറ്റ് മലയാളി മങ്കമാര്‍

349

കേരളീയരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഉത്സവങ്ങളാണ് ഓണം, വിഷു, തിരുവാതിര. പൗരാണികകാലം മുതല്‍ ഈ ദിനങ്ങള്‍ നമ്മുടെ സാമൂഹ്യ സാംസ്‌കാരിക തലങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. വിഷുപുതുവത്സരവും, ഓണം പുരുഷന്മാരുടേയും, തിരുവാതിര സ്ത്രീകളുടേയും ഉത്സവങ്ങളായി ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ധനുമാസത്തില്‍ അശ്വതി മുതല്‍ പുണര്‍തം വരെയുള്ള ഏഴുദിവസമാണ് തിരുവാതിര ഉത്സവം. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിന്റെ നിനനിലനില്പിന് അത്യന്താപേക്ഷിതമാണെന്ന് ഈ ആചരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അച്ഛനും അമ്മയും മകളും സഹോദരങ്ങളുമടങ്ങുന്ന ഓരോ കുടുംബവും നാടിന്റെ സമ്പത്താണെന്നും, അവരുടെ ഉന്നമനത്തിലൂടെ മാത്രമേ ഐശ്വര്യപൂര്‍ണ്ണമായ സമൂഹം കെട്ടിപടുക്കാനാവൂ എന്നും തിരുവാതിര ഓര്‍മ്മിപ്പിക്കുന്നു. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ് ഏതൊരു സ്ത്രീയുടേയും ആത്യന്തകമായ ആവശ്യമാണ്. മകയിര്യം സല്‍പുത്രന്മാര്‍ക്കും, പുണര്‍തം സഹോദരങ്ങള്‍ക്ക് വേണ്ടിയും വ്രതമെടുക്കുന്നു. പരമശിവന്റെ ജന്മദിനമായ തിരുവാതിരനാള്‍ ശ്രീപാര്‍വ്വതി ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി വ്രതമെടുക്കുന്നു എന്നതാണ് ഐതീഹ്യം. മുഖ്യമായ ചടങ്ങ് സ്‌നാനമാണ്, അശ്വതിനാള്‍ അശ്വതിയുണരും മുന്‍പേ ഭരണിനാള്‍ ഭര്‍ത്തവുണരും മുമ്പേ, കാര്‍ത്തികനാള്‍ കാക്ക കരയും മുമ്പേ, രോഹിണിനാള്‍ രോമം കാണും മുമ്പേ, കരയിരം നാള്‍ മക്കളുണരും മുമ്പേ, തിരിവാതിരനാള്‍ പുലര്‍ച്ചേ മൂന്നുമണിക്ക്മുമ്പേ എന്നാണ് സമയനിഷ്ഠ. അഷ്ടമംഗല്യത്തോടെ കുളിക്കാന്‍പോകുന്നത് തിരുവാതിര പാട്ടിന്റെ അകമ്പടിയോടെയാണ്. കുളിയുടെ വിവിധ ഘട്ടങ്ങളില്‍ അനുയോജ്യമായ പാട്ട് പാടി കുളിച്ചു തിമര്‍ക്കുന്ന മങ്കമാര്‍, തുടര്‍ന്ന ശിവക്ഷേത്ര ദര്‍ശനം നടത്തുന്നു. കുളിയും ക്ഷേത്രദര്‍ശനവും കഴിഞ്ഞാല്‍ ഇലംനീര്‍, ചെറുപഴങ്ങള്‍,കൂവനൂറ് മുതലായ വ്രതഭക്ഷണങ്ങള്‍ കഴിക്കാം. ഇവയില്‍ കൂവനൂറ് പേരുപറയാതെ ഭക്ഷിക്കണം എന്നാണ് വിധി. തിരുവാതിരനൊയമ്പ് അതിവിശിഷ്ടമാണ്. വരിനെല്ലരിയോ, അതുമല്ലെങ്കില്‍ ചാമയരിയോ, ഗോതമ്പരിയോ നിര്‍ബന്ധമാണ്. മുതിര, ചേമ്പ്, ചേന,കാച്ചില്‍, കായ ഇവ ഒന്നിച്ച് ചേര്‍ത്ത് വേവിച്ച് പുഴുക്കും, കാച്ചിയ പപ്പടവുമാണ് പകല്‍ഭക്ഷണം. കാലാവസ്ഥ വ്യതിയാനങ്ങള്‍ അലട്ടാറില്ലാത്ത അക്കാലങ്ങളില്‍ കടുത്തമഞ്ഞിനേയും, വേനലിനേയും നേരിടാന്‍ ശരീരത്തെസജ്ജമാക്കുന്നതിനു കൂടിയും മുതിര വേവിച്ചുഭക്ഷിക്കുന്നത്. തിരുവാതിരയുടെ പ്രധാന ചടങ്ങുകളിലൊന്ന് ഉറക്കമൊഴിക്കലാണ്. രാത്രിയില്‍ തിരുവാതിരനക്ഷത്രം ഉണ്ടായിരിക്കണമെന്നാണിതിന്നടിസ്ഥാനം. ശ്രീഭഗവതിയെ പ്രതിനിധീകരിക്കുന്ന വാല്‍ക്കണ്ണാടി അഷ്ടമംഗല്യത്തോടെ നടുവുല്‍വെച്ചും അതിനുചുറ്റും പാതിരാത്രിവരെ കൈകൊട്ടിക്കുളിച്ച്തിമര്‍ക്കുന്ന മങ്കമാര്‍ പാതിരാത്രിക്കാണ് പ്രസിദ്ധമായ പാതിരാചൂണ്ടല്‍. ഓരോരുത്തരും 101 വെറ്റില മുറുക്കണമെന്നാണ് ചിട്ട. ദീര്‍ഘായുസ്സിന്റെ അടയാളമാണല്ലോ വെറ്റില. പാതിരാപൂചൂടാനുപയോഗിക്കുന്ന പൂക്കള്‍ അതീവശ്രദ്ധേയവും അതിലേറെ ശ്രേഷ്ഠവുമാണ്. അഞ്ച് കര്‍മ്മേന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുന്ന ദശപുഷ്പങ്ങള്‍, ജീവത്മാവിനെ സാക്ഷാത്ക്കരിക്കാന്‍ അടക്കാമണിയന്‍, ആകാശത്തിന്റെ അപരിമേയത്ത്വത്തെ പ്രകാശിപ്പിക്കുന്ന കൊടുവേലിപ്പൂവ്, വായുതത്വത്തെ ഓര്‍മ്മിപ്പിക്കുന്ന എരുക്കില, അഗ്നി, ജലം, ഭൂമി ഇവയെ പ്രതിനിധാനം ചെയ്യുന്ന വെള്ളിലം, കൂടാതെ ധനുമാസത്തിന്റെ പുണ്യമായി പൂക്കുന്ന കൈതപ്പൂവും അണിനിരത്തുന്നു. കുങ്കുമം, ചാന്ത്, കണ്‍മഷി, കളഭം, വെറ്റില, അടക്ക, ഗ്രന്ഥം, അലക്കിയവസ്ത്രം, ഇവയാണ് അഷ്ടമംഗല്യക്കൂട്ട് . കയ്യുണ്ണി, മുക്കുറ്റി, പൂവ്വാംകുരുന്നില, നിലപ്പന, ഉഴിഞ്ഞ, ചെറുള, കറുക, തിരുതാളി, മുയല്‍ചെവിയന്‍, വിഷ്ണുക്രാന്തി, എന്നിവയാണ് പ്രസിദ്ധമായ ദശപുഷ്പങ്ങള്‍. തിരുവാതിര വെറും ആചാരനുഷ്ഠാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. മനുഷ്യനും, പ്രകൃതിയുമായുള്ള ഏകോപനമാണ് പ്രധാനമായിവിടെ കാണാന്‍ കഴിയുന്നത്. സ്ത്രീമുന്നേറ്റത്തെക്കുറിച്ച് പ്രസ്താവനകളിറക്കാത്ത അക്കാലത്ത് സ്ത്രീയെ സ്‌നേഹിക്കാനും, അംഗീകരിക്കാനും, ആദരിക്കാനും തയ്യാറുള്ള സമൂഹമനസ്സാക്ഷിയെയും ഇവിടെ ദര്‍ശിക്കാം. കൂട്ടുകുടുംബവ്യവസ്ഥയില്‍ വിശ്വസിച്ചീരുന്ന കഴിഞ്ഞ സുവര്‍ണ്ണക്കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ ,സ്വാര്‍ത്ഥമതികളായ അണുകുടുംബാംഗങ്ങളായ നമുക്ക് കഴിയുന്നുള്ളു. മാത്രമല്ല അക്കാലത്ത് മിക്കവാറുമെല്ലാ വീടുകളിലും ചെറുതായതോതില്‍ ഔഷധസസ്യങ്ങല്‍ വെച്ചു പിടിപ്പിച്ചു സംരക്ഷിക്കുന്ന രീതി നിലനിന്നീരുന്നു. തുളസി, വേപ്പ്, ആടലോടകം, മുക്കുറ്റി, നന്ത്യാര്‍വട്ടം, തുടങ്ങിയവയുടെ സജീവസാന്നിധ്യമുള്ള ഗൃഹവൈദ്യം വളര്‍ന്ന് വികസിക്കുന്നതിന് ഇടനല്‍കിയതും പ്രകൃതിയും പ്രകൃതിയുമായുള്ള അഭേദ്യബന്ധംമായിരുന്നു. ഈ ബന്ധം തുടരണമെന്നാണ് തിരുവാതിര ഓര്‍മ്മിപ്പിക്കുന്നത്.

Advertisement